മലയാളത്തിന്റെ അഹങ്കാരവും അഭിമാനവുമായ ഗാന ഗന്ധർവൻ ഡോ.കെ.ജെ.യേശുദാസിന് ഇന്ന് ശതാഭിഷേകം. മലയാളത്തിന്റെ സ്വരവസന്തമായ സംഗീത ലോകത്തിന്റെ സ്വന്തം ദാസേട്ടൻ ഇന്ന് എൺപത്തി നാലാം പിറന്നാൾ മധുരത്തിലാണ്. ശബരിമല ശ്രീ അയ്യപ്പൻ പോലും കേട്ടുറങ്ങുന്ന ആ ഗന്ധർവ്വ സ്വരം ലോകത്തെ വിസ്മയിപ്പിക്കാൻ ആരംഭിച്ചിട്ട് ആറുപതിറ്റാണ്ടിലേറെയായി.
1961 നവംബര്‍ 14ന് കെ.എസ് ആന്റണി സംവിധാനം ചെയ്ത കാല്‍പ്പാടുകള്‍ എന്ന ചിത്രത്തിന് വേണ്ടി ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും എന്ന ഗാനം ആലപിച്ച് പിന്നണി ഗാന രംഗത്ത് അരങ്ങേറ്റം കുറിച്ച ആ ഫോർട്ട്കൊച്ചിക്കാരൻ കാട്ടാശ്ശേരി ജോസഫ് യേശുദാസ് പിന്നീട് ലോകത്തിന്റെയാകെ ഗാനഗന്ധർവനായി മാറുകയായിരുന്നു. എൺപതിനായിരത്തോളം ഗാനങ്ങൾ, അതിമാനുഷിക സംഗീത യാത്രയുടെ ആറ് പതിറ്റാണ്ടുകൾ.. അതെ അത്ഭുതം തന്നെയാണ് ഈ മനുഷ്യൻ, ഈ ശബ്ദം.. എല്ലാം.
ദേവരാജൻ മാഷ് ‘ഭാര്യ’ എന്ന ചിത്രത്തിൽ നൽകിയ ‘ദയാപരനായ കർത്താവേ’ എന്ന പാട്ടാണ് സംഗീത ജീവിതത്തിൽ വഴിത്തിരിവായത്. യേശുദാസ്-ദേവരാജൻ കൂട്ട് അവിടെ തുടങ്ങി. കെ.പി. ഉദയഭാനുവിനായി മാറ്റിവെച്ചിരുന്ന ‘അല്ലിയാമ്പൽ കടവിൽ’ എന്ന ഗാനം യേശുദാസിലേക്കെത്തി. കേരളക്കരയാകെ അന്നും ഇന്നും അലയടിക്കുന്ന ഗാനമായി അത് മാറിയപ്പോൾ യേശുദാസ് എന്ന ചരിത്രം അവിടെ തുടങ്ങുകയായിരുന്നു. പിന്നീട് ബാബുരാജിന്റെ ‘താമസമെന്തേ വരുവാൻ’ ഈ സംഗീതരംഗത്താകെ ഒഴുകിനടന്നു.
ദേവരാജന്‍, എം.എസ് ബാബുരാജ്, ദക്ഷിണാമൂര്‍ത്തി, എടി ഉമ്മര്‍, കണ്ണൂര്‍ രാജന്, രാഘവന് മാസ്റ്റര്‍, ശ്യാം, രവീന്ദ്രന്, ജെറി അമല്‍ ദേവ്, ജോണ്സണ്, പി.ഭാസ്കരന്, വയലാര്‍ രാമവര്‍മ്മ, ഒഎന്‍വി, ശ്രീകുമാരന്‍ തമ്പി, ബിച്ചു തിരുമല, പൂവച്ചല്‍ ഖാദര്‍ തുടങ്ങി മഹാരഥന്മാരുടെയെല്ലാം സൃഷ്ടികൾക്ക് യേശുദാസ് തന്റെ സ്വരമാധുരി കൊണ്ട് ജീവനേകി.
എട്ട് ദേശീയ അവാർഡുകൾ, മലയാളം, തമിഴ്, ഹിന്ദി തുടങ്ങി ലാറ്റിൻ, അറബി ഭാഷകളിൽ വരെ റെക്കോർഡ് ചെയ്യപ്പെട്ട എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങൾ, മൂന്ന് പത്മ പുരസ്കാരങ്ങൾ ഇതിനെല്ലാമുപരി സംഗീത ലോകത്തിന്റെ ഗുരുനാഥൻ, തീരാത്ത നേട്ടങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയിട്ടുള്ളത്.
Discussion about this post