ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ജയ് ശ്രീരാം വിളിച്ച വിദ്യാർത്ഥിയെ തല്ലിച്ചതച്ച അദ്ധ്യാപകൻ അറസ്റ്റിൽ. ഷഹ്ദോളിലെ ഗ്രീൻ ബെൽസ് സ്കൂളിലെ അദ്ധ്യാപകൻ ആയ മുഹമ്മദ് അബ്ദുൾ വാഹിദ് ആണ് അറസ്റ്റിലായത്. വിദ്യാർത്ഥിയുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയ്ക്കാണ് മർദ്ദനമേറ്റത്. രാവിലെ ആദ്യ പിരീഡിൽ ക്ലാസിൽ ടീച്ചർ ഉണ്ടായിരുന്നില്ല. ഈ സമയം കൂട്ടുകാരോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന വിദ്യാർത്ഥി ജയ് ശ്രീരാം വിളിക്കുകയായിരുന്നു. എന്നാൽ ഇത് അടുത്ത ക്ലാസിലേയ്ക്ക് പോകുകയായിരുന്ന മുഹമ്മദ് അബ്ദുൾ വാഹിദ് കേട്ടു. ഇതോടെ ക്ലാസിനുള്ളിലേക്ക് കയറിവന്ന് ആരാണ് ജയ് ശ്രീരാം വിളിച്ചതെന്ന് ചോദിക്കുകയായിരുന്നു. തുടർന്ന് ജയ് ശ്രീരാം വിളിച്ച കുട്ടിയെ മറ്റ് വിദ്യാർത്ഥികളുടെ മുൻപിലിട്ട് ക്രൂരമായി മർദ്ദിച്ചു.
വീട്ടിലെത്തിയ കുട്ടിയുടെ ശരീരത്തിലെ പാടുകൾ കണ്ട് രക്ഷിതാക്കൾ കാര്യം ആരാഞ്ഞു. ഇതോടെ കുട്ടി മർദ്ദന വിവരം പറയുകയായിരുന്നു. ഇതോടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. രക്ഷിതാക്കളും ഹിന്ദു സംഘടനാ പ്രവർത്തകരും സ്കൂളിൽ എത്തി സംഭവം ചോദ്യം ചെയ്തു.
രക്ഷിതാക്കളുടെ പരാതിയിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ജുവനൈൽ ജസ്റ്റിസ് നിയമത്തിലെയും വകുപ്പുകൾ പ്രകാരം ആണ് പോലീസ് കേസ് എടുത്തത്. കേസിൽ സ്കൂൾ ഡയറക്ടർ സമീർ നിയാസിയെയും പ്രതിചേർത്തിട്ടുണ്ട്.
Discussion about this post