കോഴിക്കോട്: കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകത്തിന് പിന്നിൽ വ്യക്തിവിരോധമെന്ന് സ്ഥിരീകരിച്ച് പോലീസ്. പ്രതിയും മുൻ സിപിഎം പ്രവർത്തകനുമായ അഭിലാഷ് കൊലപാതകത്തിന് കാരണം വ്യക്തിവിരോധമാണെന്ന് മൊഴി നൽകിയതായി പോലീസ് അറിയിച്ചു. ഇന്നലെ രാത്രിയാണ് കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി വി സത്യനാഥിനെ അഭിലാഷ് വെട്ടിക്കൊലപ്പെടുത്തിയത്.
കൊയിലാണ്ടി സിപിഎമ്മിനുള്ളിൽ ചില അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. ഇതിൽ സത്യനാഥ് അഭിലാഷിനെതിരെ നിലപാടുകൾ സ്വീകരിച്ചിരുന്നു. ഇതിലുണ്ടായ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചത്. കൃത്യം നടത്താൻ ഏതാനും നാളുകൾക്ക് മുൻപേ അഭിലാഷ് തീരുമാനിച്ചിരുന്നു. ഇത് ഇന്നലെ നടപ്പിലാക്കുകയായിരുന്നു. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നും അഭിലാഷ് മൊഴി നൽകിയതായി പോലീസ് പറഞ്ഞു.
സത്യനാഥിന്റെ അയൽവാസി ആണ് അഭിലാഷ്. സംഭവത്തിൽ അഭിലാഷിനെ കൂടുതൽ ചോദ്യം ചെയ്യും. ഇതിന് പിന്നാലെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
ക്ഷേത്രോത്സവത്തിനിടെ ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സത്യനാഥിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഗാനമേള നടക്കുന്നതിനിടെ മഴുവുമായി എത്തിയ അഭിലാഷ് സത്യനാഥിനെ വെട്ടുകയായിരുന്നു. ശരീരത്തിൽ ആഴത്തിലുള്ള നാലിലധികം വെട്ടുകൾ സത്യനാഥിനേറ്റു. ഉടനെ നാട്ടുകാർ ചേർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
സത്യനാഥിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ ഇന്ന് ഹർത്താലാണ്.
Discussion about this post