ശ്രീനഗർ : കശ്മീരിലെ ആദ്യ അത്യാധുനിക മൾട്ടി പർപ്പസ് ഇൻഡോർ സ്പോർട്സ് ഹാൾ പ്രവർത്തനമാരംഭിച്ചു. വടക്കൻ കശ്മീരിലെ കുപ്വാര ജില്ലയിലെ ഹന്ദ്വാരയിൽ ആണ് ഈ ഇൻഡോർ സ്പോർട്സ് ഹാൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ ആണ് ഈ പുതിയ സ്പോർട്സ് ഹാളിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
ബാഡ്മിൻ്റൺ, ബാസ്ക്കറ്റ്ബോൾ, വോളിബോൾ, വുഷു തുടങ്ങിയ വിവിധ ഇൻഡോർ സ്പോർട്സുകളുടെ കേന്ദ്രമായിട്ടാണ് പുതിയ സ്പോർട്സ് ഹാൾ ഒരുക്കിയിട്ടുള്ളത്. ഇതിനകം തന്നെ നൂറിലധികം വിദ്യാർത്ഥികൾ വിവിധ കായിക ഇനങ്ങളിൽ പരിശീലനത്തിനായി ഈ പുതിയ കേന്ദ്രത്തിൽ ചേർന്നിട്ടുണ്ട്.
കശ്മീരിൽ നിന്നുള്ള അത്ലറ്റിക് പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ നടപടിയുടെ ഭാഗമായാണ് ഇത്തരത്തിൽ ഒരു അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഇൻഡോർ സ്പോർട്സ് ഹാൾ നിർമ്മിച്ചിട്ടുള്ളത്. വളർന്നുവരുന്ന കായികതാരങ്ങളുടെ പഠനത്തിനും പരിശീലനത്തിനും ആയി സുഗമമായ അന്തരീക്ഷം ഒരുക്കുന്നതിനുള്ള കേന്ദ്രസർക്കാറിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഇത്തരത്തിൽ ഒരു സ്പോർട്സ് കേന്ദ്രം ഒരുക്കിയിട്ടുള്ളതെന്ന് ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ വ്യക്തമാക്കി.
Discussion about this post