എറണാകുളം: നാടിനെ ഞെട്ടിച്ച പെരിയ ഇരട്ടക്കൊല കേസിൽ വിധി. പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. ഒന്ന് മുതൽ എട്ട് വരെ പ്രതികളായ എ പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി ജോർജ്, കെ എം സുരേഷ്, കെ അനിൽകുമാർ, ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രൻ എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കം 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവും വിധിച്ചു.
കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷയാണ് വിധിച്ചത്.. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. സംസ്ഥാന രാഷ്ട്രീയത്തിൽ പ്രകമ്പനം സൃഷ്ടിച്ച ഒന്നാണ് പെരിയ ഇരട്ടക്കൊല കേസ്. സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമൻ, ഉദുമ സി പി എം മുൻ ഏരിയ സെക്രട്ടറി കെ.മണികണ്ഠൻ ഉൾപ്പെടെ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
2019 ഫെബ്രുവരി 17നാണ് കാസർകോട് ജില്ലയിലെ പെരിയയിൽ യൂത്ത് കോൺഗ്രസ് നേതാക്കളായ ശരത് ലാൽ കെ പി (23), കൃപേഷ് (19) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് മുമ്പ്, ഒന്നാം പ്രതി പീതാംബരനെയും കൂട്ടുപ്രതി വിഷ്ണു സുര എന്ന് വിളിക്കുന്ന സുരേന്ദ്രനെയും ശരത് ലാലും മറ്റുള്ളവരും ആ വർഷം ജനുവരി 5 ന് കാസർകോട് കല്ലിയോട്ടിൽ വെച്ച് കെഎസ്യു-എസ്എഫ്‌ഐ പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് ആക്രമിച്ചു എന്നാണ് ആരോപണം.
ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ച് 14 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. പിന്നീട് കേരള ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന് സിബിഐ അന്വേഷണം ഏറ്റെടുത്തു. അന്വേഷണം സിബിഐക്ക് വിടാനുള്ള ഹൈക്കോടതി വിധിയെ സംസ്ഥാന സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലും സുപ്രീം കോടതിയിലും ചോദ്യം ചെയ്തിരുന്നു.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആദ്യ എട്ട് പ്രതികൾ ഐപിസി സെക്ഷൻ 302 (കൊലപാതകം), 143 (നിയമവിരുദ്ധമായി സംഘം ചേരൽ), 147, (കലാപം), 201 (തെളിവ് നശിപ്പിക്കൽ), 148 (മാരകായുധങ്ങളുമായി കലാപമുണ്ടാക്കൽ) എന്നിവ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി.
Discussion about this post