ഇന്നത്തെ കാലത്ത് എല്ലാ തൊഴിൽ മേഖലയിലും സ്ത്രീ സാന്നിധ്യമുണ്ട്. മാറ്റിനിർത്തപ്പെട്ടിടങ്ങളില്ലെല്ലാം സ്ത്രീകൾ തൊഴിൽ അവസരങ്ങൾ നേടിയെടുക്കുന്ന കാലത്താണ് നാം ഇന്ന് ജീവിക്കുന്നത്. അത്തരത്തിലൊരു തൊഴിൽ മേഖലയാണ് ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളായ സ്വിഗ്ഗി, സോമാറ്റോ പോലെയുള്ളവ.
ഒരുകാലത്ത് ഇത്തരത്തിൽ ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമുകളിൽ സ്ത്രീകൾ കയറിചെല്ലാൻ മടിച്ചിരുന്ന സ്ഥലത്ത് ഇന്ന് നിരവധി സ്ത്രീകളാണ് കടന്നുവരുന്നത്. എന്നാൽ, ഇത്തരം തൊഴിലിടങ്ങളിൽ നിരവധി പ്രശ്‌നങ്ങളും സ്ത്രീകൾ നേരിടാറുണ്ട്. അത്തരത്തിലൊരു പ്രശ്‌നം ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള ഒരു പെൺകുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
ഇൻസ്റ്റഗ്രാം താരമായ അമൃതയാണ് സ്വിഗ്ഗി ഡെലിവറി ഏജന്റുമാർ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ചുള്ള വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്. മോഡലിംഗ് ചെയ്യുന്ന ആളാണ് അമൃത. ഇതിനൊപ്പം മറ്റൊരു വരുമാനമാർഗമെന്ന നിലയിലാണ് പാർടൈം ആയി സ്വിഗ്ഗിയിൽ ഡെലിവെറി ഗേൾ ആയി ജോലി ചെയ്യുന്നത്. ‘ഞങ്ങളുടെ ജോലിയിലെ ഏറ്റവും കഠിനവും വെറുക്കപ്പെട്ടതുമായ ഭാഗം’ എന്ന കുറിപ്പോടെയാണ് അമൃത വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിന് പിന്നാലെ, ലുലു മാളിലൂടെ 25 രൂപ മാത്രം ലഭിക്കുന്ന ഓർഡർ എടുക്കാനായി പോവുന്നതിന്റെ ദൂരത്തെ കുറിച്ചും ഇതിനിടെ അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളേ കുറിച്ചും അമൃത വീഡിയോയൽ വിവരിക്കുന്നുണ്ട്.
എപ്പോഴും തിരക്കുള്ള മാളിൽ ഇവർക്കെല്ലാം ഇടയിലൂടെ പല നിലകളിലുള്ള കടകളിൽ ലിഫ്റ്റും പടികളും എല്ലാം ഉപയോഗിച്ച് കയറി ഇറങ്ങി എത്തുമ്പോൾ പത്തോ ഇരുപതോ മിനിറ്റ് സമയം അങ്ങനെ പോയിക്കിട്ടും. ഇത്രയേറെ ബുദ്ധിമുട്ടുകൾ സഹിച്ച് ഓർഡർ എത്തിച്ചാലും ഒരു രൂപ പോലും എക്‌സ്ട്ര കിട്ടില്ല. ഇതുമാത്രമല്ല അഞ്ച് കിലോമീറ്റർ പരിധിയിലെ ഡെലിവറിക്ക് വെറും 25 രൂപ മാത്രമാണ് സ്വിഗ്ഗി നൽകുന്നത്. ഇത്തരത്തിലൽ മാളുകളിൽ നിന്നും ഓർഡർ എടുത്ത് തിരികെ വരാൻ സമയം എടുക്കുന്നതു കാരണം, മറ്റ് ഓർഡറുകൾ എടുക്കാനും കഴിയുന്നില്ലെന്ന് അമൃത പറയുന്നു.
ഇത്രയും തിരക്കിലൂടെ ഓർഡർ എത്തിച്ചു നൽകുന്നതിന് സ്വിഗ്ഗി അധികം പൈസ നൽകാറില്ല. ഓർഡർ ലഭിച്ച സാധനങ്ങൾ കടക്കാർ ഒരിക്കലും പുറത്തേക്ക് എത്തിച്ച് നൽകാറില്ല. ഇത്തരത്തിൽ കടക്കാർ ചെയ്താലെങ്കിലും തങ്ങൾക്ക് ഉപകാരമാകുമായിരുന്നുവെന്നും അമൃത വീഡിയോയിൽ ചൂണ്ടിക്കാട്ടുന്നു.
വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. അമൃത വിക്റ്റീം കാർഡ് കളിക്കുകയാണെന്ന് ആണ് ചിലർ ഉയർത്തിയ വിമർശനം. ഒരു പുരുഷ്ന്മാരും ഇത്തരത്തിലൊരു പരാതി പറഞ്ഞിട്ടില്ലെന്ന് ചിലർ പറയുന്നു. പുരുഷന്മാർ ചെയ്യുന്ന ജോലികൾ സ്ത്രീകൾ ചെയ്യാൻ ശ്രമിക്കുന്നതിന്റെ പ്രശ്‌നമാണിതെന്നും പലരും പറഞ്ഞിട്ടുണ്ട്. അതേസമയം, മാളുകളിൽ നിന്നും ഓർഡർ എടുത്ത് വരുന്നതിന്റെ ബുദ്ധിമുട്ടുകളെ കുറിച്ച് പലരും കമന്റ് ചെയ്തിട്ടുണ്ട്. വേറെ ചിലർ അമൃതയ്ക്കുള്ള ഉപദേശവുമായി ആണ് കമന്റ് ബോക്‌സിൽ എത്തിയിരിക്കുന്നത്.
Discussion about this post