ന്യൂഡൽഹി; ഡിജിറ്റൽ അറസ്റ്റിന് സമാനമായ സൈബർ തട്ടിപ്പ് സജീവമാകുന്നുവെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. തൊഴിൽരഹിതർ,വീട്ടമ്മമാർ,വിദ്യാർത്ഥികൾ എന്നിവരെ ലക്ഷ്യമിട്ടുള്ള പന്നിക്കശാപ്പ് തട്ടിപ്പിനെ കരുതിയിരിക്കണമെന്നാണ് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.തട്ടിപ്പുതടയാൻ, ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെന്റർ (14 സി) ഗൂഗിളുമായി സഹകരിച്ച് വിവരങ്ങൾ കൈമാറാനും നടപടിയുറപ്പാക്കാനും ശ്രമിക്കുന്നുണ്ട്.
2016ൽ ചൈനയിലാണ് ആദ്യം റിപ്പോർട്ടുചെയ്യുന്നത്. ഇത്തരം ഓൺലൈൻ സാമ്പത്തികത്തട്ടിപ്പുകാർ കൂടുതൽ ദുരുപയോഗംചെയ്യുന്നത് സാമൂഹികമാദ്ധ്യമങ്ങളായ വാട്‌സാപ്പ്, ടെലഗ്രാം, ഇൻസ്റ്റഗ്രാം എന്നിവയെയാണെന്നും മന്ത്രാലയത്തിന്റെ റിപ്പോർട്ടിലുണ്ട്.
പന്നികൾക്ക് ആവശ്യത്തിന് തീറ്റയും പരിചരണവും നൽകി അവസാനം കശാപ്പുചെയ്യുന്ന രീതിക്ക് സമാനമാണ് ഈ തട്ടിപ്പ് എന്നതുകൊണ്ടാണ് ഇതിന് ഈ പേരുവന്നത്. സൈബർ കുറ്റവാളികൾ ഇരകളുമായി വിശ്വാസം വളർത്തിയെടുക്കും. ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ട ലാഭകരമായ സ്‌കീമുകളിൽ നിക്ഷേപിക്കാൻ പ്രേരിപ്പിക്കും. ആദ്യം ചെറിയ ലാഭം നൽകി ഇരകളുടെ വിശ്വാസം നേടിയെടുത്ത് പിന്നീട് മുഴുവൻ സമ്പാദ്യവും തട്ടിയെടുത്ത് മുങ്ങുന്നതാണ് രീതി.
ഇരയാകാൻ സാധ്യതയുള്ളവരെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിലും ഡേറ്റിങ് ആപ്പുകളിലും വ്യാജ പ്രൊഫൈലുകൾ സൃഷ്ടിക്കുന്നതാണ് ആദ്യ ഘട്ടം. അടുത്തതായി, ഇരകളുമായി ബന്ധം സ്ഥാപിക്കുന്നു, പ്രണയ ബന്ധത്തിനോ വിവാഹത്തിനോ ഒക്കെ താൽപര്യമുള്ളതായി നടിക്കുന്നു. ഇരയുടെ വിശ്വാസം നേടിക്കഴിഞ്ഞാൽ, നിക്ഷേപങ്ങളെയും സാമ്പത്തിക അവസരങ്ങളെയും കുറിച്ചു സംസാരിക്കാൻ തുടങ്ങും. നിക്ഷേപത്തിന് ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യും. അങ്ങനെ പണം സമ്പാദിച്ച മറ്റ് ആളുകളുടെ വ്യാജ സ്‌ക്രീൻഷോട്ടുകൾ പോലും കാണിച്ചേക്കാം. അതൊക്കെ വിശ്വസിച്ച് പണം നിക്ഷേപിക്കുന്നതോടെ സുഹൃത്ത് അല്ലെങ്കിൽ കമിതാവ് അപ്രത്യക്ഷമാകും.
Discussion about this post