ഇറ്റാനഗർ : നീണ്ട 36 വർഷങ്ങൾക്ക് ശേഷം അരുണാചൽ പ്രദേശിൽ ഒരു വനിതാ മന്ത്രി ചുമതലയേറ്റിയിരിക്കുകയാണ്. അരുണാചലിലെ ബിജെപിയുടെ പെമ ഖണ്ഡു മന്ത്രിസഭയിൽ അധികാരമേറ്റ ദസാംഗ്ലു പുൽ ആണ് ഈ സവിശേഷ നേട്ടം കൈവരിച്ചിരിക്കുന്നത്. അരുണാചൽപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ എതിരില്ലാതെയാണ് ദസാംഗ്ലു പുൽ വിജയം കരസ്ഥമാക്കിയത്. അരുണാചൽപ്രദേശിൽ ഏപ്രിൽ 19ന് നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ 60ൽ 46 സീറ്റുകൾ നേടിക്കൊണ്ടാണ് ബിജെപി അധികാരത്തിൽ എത്തിയത്.
സംസ്ഥാനത്തെ സ്ത്രീകളുടെ പേരിൽ ബിജെപി സർക്കാരിനും മുഖ്യമന്ത്രിക്കും നന്ദി പറയുന്നതായി ദസാംഗ്ലു പുൽ അറിയിച്ചു. “ബിജെപി എപ്പോഴും സ്ത്രീ ശാക്തീകരണത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. നരേന്ദ്ര മോദി സർക്കാർ പാർലമെൻ്റിൻ്റെ ഇരുസഭകളിലും വനിതാ സംവരണ ബിൽ പാസാക്കി. 2029 ഓടെ ഇത് നടപ്പാക്കും. അരുണാചൽ നിയമസഭയിലും 33 ശതമാനം സ്ത്രീകൾക്ക് സംവരണം ഉണ്ടാകും” എന്നും ദസാംഗ്ലു വ്യക്തമാക്കി.
മുൻ അരുണാചൽ പ്രദേശ് മുഖ്യമന്ത്രി കലിഖോ പുലിൻ്റെ ഭാര്യയാണ് ദസാംഗ്ലു. 2016 ലാണ് സാമൂഹ്യപ്രവർത്തകയായിരുന്ന ദസാംഗ്ലു പുൽ ഭർത്താവിന്റെ വിയോഗത്തെ തുടർന്ന് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 2016ൽ നടന്ന ഉപതിരഞ്ഞെടുപ്പിലും 2019ലെ തിരഞ്ഞെടുപ്പിലും നിയമസഭാംഗമായ ശേഷമാണ് 2024 ലെ പുതിയ മന്ത്രിസഭയിൽ ദസാംഗ്ലു പുൽ മന്ത്രിയായി സ്ഥാനമേൽക്കുന്നത്.
Discussion about this post