തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. മൂന്ന് ജില്ലകളിലെ കളക്ടർമാരെ സ്ഥലം മാറ്റി. തിരുവനന്തപുരം, കോട്ടയം, ഇടുക്കി ജില്ലകളിലെ കളക്ടർമാർക്കാണ് സ്ഥലംമാറ്റം. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജിനെ പിന്നോക്ക ക്ഷേമ ഡയറക്ടറാക്കിയാണ് നിയമിച്ചത്. ഐടി മിഷൻ ഡയറക്ടറായ അനുകുമാരിയ്ക്ക് പകരം ജില്ലയുടെ ചുമതല നൽകി. കോട്ടയം ജില്ലാ കളക്ടർ വി.വിഘ്നേശ്വരിയ്ക്ക് ഇടുക്കി ജില്ലാ കളക്ടറായി സ്ഥലം മാറ്റം ലഭിച്ചു. ജോൺ വി സാമുവൽ ആണ് പുതിയ കോട്ടയം കളക്ടർ.
കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ജനറൽ മാനേജർ ആയ ശ്രീറാം വെങ്കിട്ടരാമനെ ധനവകുപ്പിലേക്ക് മാറ്റിയിട്ടുണ്ട്. ധനവകുപ്പ് ജോയിന്റ് സെക്രട്ടറി ആയിട്ടാണ് പുതിയ നിയമനം. ഇടുക്കി ജില്ലാ കളക്ടർ ആയിരുന്ന ഷീബാ ജോർജിനെ റവന്യൂ അഡീഷണൽ സെക്രട്ടറി ആയും സ്ഥലം മാറ്റി.
Discussion about this post