ന്യൂഡൽഹി : സ്വാതന്ത്ര്യദിനത്തിൽ രാജ്യം നൽകുന്ന ധീരതയ്ക്കുള്ള ബഹുമതികളിൽ ഇത്തവണ ആധിപത്യം പുലർത്തിയത് സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) ആണ്. 78-ാമത് സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി ഏറ്റവും കൂടുതൽ ധീരതയ്ക്കുള്ള പുരസ്കാരങ്ങൾ ലഭിച്ചത് സിആർപിഎഫിനാണ്. 5 ശൗര്യചക്ര ഉൾപ്പെടെ 57 ബഹുമതികൾ ആണ് സിആർപിഎഫിന്റെ ധീരതയുടെയും അർപ്പണബോധത്തിന്റെയും അംഗീകാരമായി ലഭിച്ചത്.
കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ധീരതയ്ക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. രാജ്യം നൽകുന്ന പരമോന്നത ധീര പുരസ്കാരങ്ങളിൽ ഒന്നായ ശൗര്യചക്ര സിആർപിഎഫിലെ അഞ്ച് ഉദ്യോഗസ്ഥർക്ക് ലഭിച്ചു. കോൺസ്റ്റബിൾ പവൻ കുമാർ, കോൺസ്റ്റബിൾ ദേവൻ സി എന്നിവർക്ക് മരണാനന്തര ബഹുമതിയായി ശൗര്യചക്ര ബഹുമതി നൽകി ആദരിച്ചു. ഡെപ്യൂട്ടി കമാൻഡന്റ് ലഖ്വീർ, അസിസ്റ്റന്റ് കമാൻഡന്റ് രാജേഷ് പഞ്ചാൽ, കോൺസ്റ്റബിൾ മൽക്കിത് സിംഗ് എന്നിവരാണ് സി.ആർപിഎഫിൽ നിന്നും ശൗര്യചക്ര പുരസ്കാരം ലഭിച്ച മറ്റു മൂന്നുപേർ.
സായുധ സേനയിൽ ഏറ്റവും കൂടുതൽ ധീരതയ്ക്കുള്ള പുരസ്കാരങ്ങൾ നേടിയത് ജമ്മുകശ്മീർ പോലീസ് ആണ്. 31 മെഡലുകളാണ് ഈ വർഷം ജമ്മുകശ്മീർ പോലീസ് നേടിയത്. ഉത്തർപ്രദേശ് പോലീസും മഹാരാഷ്ട്ര പോലീസും 17 മെഡലുകൾ വിധം നേടി. 103 ഗ്യാലൻട്രി അവാർഡുകളാണ് ഇത്തവണ രാഷ്ട്രപതി ദൗപതി മുർമു പ്രഖ്യാപിച്ചത്. നാല് കീർത്തിചക്ര, 18 ശൗര്യചക്ര, ഒരു ബാർ സേനാ മെഡൽ, 63 സേനാമെഡലുകൾ, പതിനൊന്ന് നാവികസേനാ മെഡലുകൾ, ആറ് വായുസേന മെഡലുകൾ എന്നിവയാണ് രാഷ്ട്രപതി പ്രഖ്യാപിച്ചത്.
Discussion about this post