പാരീസ് : ഉഭയകക്ഷി ബന്ധത്തിലെ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തി ഇന്ത്യയും ഫ്രാൻസും. മാർസെയിൽ പുതിയ ഇന്ത്യൻ കോൺസുലേറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാകുമെന്ന് മോദി പ്രത്യാശ പ്രകടിപ്പിച്ചു.
മാർസെയിലിലെ ഒരു ചരിത്ര നിമിഷം! ഇന്ത്യ-ഫ്രാൻസ് ബന്ധത്തിൽ ഒരു പുതിയ അദ്ധ്യായം അടയാളപ്പെടുത്തിയിരിക്കുകയാണ്. ഈ ഊർജ്ജസ്വലമായ നഗരത്തിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്ഘാടനം ചെയ്തിരിക്കുകയാണ് താനും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും . ഈ കോൺസുലേറ്റ് ഒരു പ്രധാന പാലമായി വർത്തിക്കും. നമ്മുടെ സാംസ്കാരിക, സാമ്പത്തിക, ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തും. ഇന്ത്യയുമായുള്ള മാർസെയിലിന്റെ ബന്ധം എല്ലാവർക്കും അറിയാം. ഒന്നാം ലോകമഹായുദ്ധകാലത്ത്, ഇന്ത്യൻ സൈനികർക്ക് ഇത് ഒരു പ്രധാന താവളമായിരുന്നു. വീർ സവർക്കറുമായും ഈ നഗരത്തിന് അടുത്ത ബന്ധമുണ്ട്. ഈ പ്രത്യേക ഉദ്ഘാടന വേളയിൽ, ഫ്രഞ്ച് സർക്കാരിനോട് ഞാൻ നന്ദി പറയുകയും ഇന്ത്യൻ പ്രവാസികളെ അഭിനന്ദിക്കുകയും ചെയ്യുന്നു എന്ന് മോദി പറഞ്ഞു.
2023 ജൂലൈയിൽ പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശന വേളയിലാണ് മാർസെയിൽ കോൺസുലേറ്റ് ജനറൽ സ്ഥാപിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. കോൺസുലേറ്റ് ഉദ്ഘാടനത്തിന് മുന്നോടിയായി, പ്രധാനമന്ത്രി മോദിയെയും മാക്രോണിനെയും ധോൾ ശബ്ദത്തോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. ഇന്ത്യൻ പ്രവാസി സമൂഹവുമായും ഇരുവരും സംവദിച്ചു.’മാർസെയിലിലെ പുതിയ കോൺസുലേറ്റിനെക്കുറിച്ച് ഇന്ത്യൻ സമൂഹം വളരെ ആവേശത്തിലാണ്’ എന്ന് മോദി എക്സിൽ കുറിക്കുയും ചെയ്തു.
മസാർഗസ് യുദ്ധ സെമിത്തേരിയിൽ, പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും താനും ലോകമഹായുദ്ധങ്ങളിൽ പോരാടിയ സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു. ധീരമായി പോരാടിയ നിരവധി ഇന്ത്യൻ സൈനികരും ഇതിൽ ഉൾപ്പെടുന്നു. എല്ലാ ധീരരായ സൈനികരും ധൈര്യത്തോടെ പോരാടി. മെച്ചപ്പെട്ടതും കൂടുതൽ സമാധാനപരവുമായ ഒരു ലോകത്തിനായി അവർ രക്തം ചൊരിഞ്ഞു. അവരിൽ പലരും തിരിച്ചു വന്നില്ല. പക്ഷേ അവരുടെ വീരത്വം വരും കാലങ്ങളിൽ ഓർമ്മിക്കപ്പെടും. അവരുടെ ധൈര്യം ഒരിക്കലും മറക്കില്ല എന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോകമഹായുദ്ധങ്ങളിൽ ഇന്ത്യൻ സൈനികരുടെ ത്യാഗം ഇന്ത്യയെയും ഫ്രാൻസിനെയും ബന്ധിപ്പിക്കുന്നുവെന്നും മാക്രോൺ കവ്യക്തമാക്കി. അതേസമയം, ഫ്രഞ്ച് പ്രസിഡന്റിനൊപ്പം ന്യൂക്ലിയർ ഫ്യൂഷൻ ഗവേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അന്താരാഷ്ട്ര സംരംഭമായ ഇന്റർനാഷണൽ തെർമോ ന്യൂക്ലിയർ എക്സ്പിരിമെന്റൽ റിയാക്ടറും സന്ദർശിച്ചു. ഇതോടൊപ്പം, ഭാരതം ഫ്രാൻസിൽ നിന്ന് കൂടുതൽ ജെറ്റ് എഞ്ചിനുകളും മിസൈലുകളും വാങ്ങുന്നതിനുള്ള ധാരണയും ഉണ്ടായി. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ പാരീസ് ഉടമ്പടിയിൽ ഉറച്ചുനിൽക്കാനുള്ള ഭാരതവും ഫ്രാൻസും തീരുമാനിച്ചു.
Discussion about this post