അറേബ്യന്‍ മണ്ണില്‍ സാഹോദര്യത്തിന്റെ പ്രതീകമായി അറിയപ്പെടുന്ന ബിഎപിഎസ് ഹിന്ദു ക്ഷേത്രത്തിന്റെ ഒന്നാം വാര്‍ഷികം ഗംഭീരമായി ആഘോഷിച്ചു. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി യുഎഇ മന്ത്രി മുബാറക്ക് അല്‍ നഹ്യാല് എത്തിയത് പോര്‍ച്ചുഗലില്‍ നിന്നുള്ള പ്രത്യേക വിമാനത്തിലാണ്. ഐക്യം, സാംസ്കാരിക ധാരണ, ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്തല്‍ എന്നിവയില്‍ മന്ദിറിന്റെ പങ്ക് ഊന്നിപ്പറഞ്ഞുകൊണ്ട് ഷെയ്ഖ് നഹായാന്‍ മബാറക് അല്‍ നഹായാന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു. ‘സമൂഹത്തെ ഒരുമിച്ച് കൊണ്ടുവരുന്ന മനോഹരമായ ഒരു മന്ദിറാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രസിഡന്‍ഷ്യല്‍ കോടതിയിലെ പ്രത്യേക കാര്യ ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്നൂണ്‍ അല്‍ നഹ്യാനും 450 വിശിഷ്ട വ്യക്തികളും, അംബാസഡര്‍മാരും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. രാജകുടുംബത്തിലെ 20-ലധികം അംഗങ്ങളും, മന്ത്രിമാരും, യുഎഇ നേതൃത്വവും, 300 കമ്മ്യൂണിറ്റി നേതാക്കളും പങ്കെടുത്തു. പ്രത്യേക ചടങ്ങിനായി ഒത്തുകൂടിയ 2,000 പേര് ഉള്‍പ്പെടെ 13,000-ത്തിലധികം സന്ദര്‍ശകരെ മന്ദിര്‍ സ്വാഗതം ചെയ്തു.
മന്ദിര്‍ ഉയര്‍ത്തിപ്പിടിക്കുന്ന അടിസ്ഥാന മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ആറ് ഭാഗങ്ങളായാണ് ആഘോഷം നടന്നത്.
പ്രാര്‍ഥനയ്ക്കും സന്ദര്‍ശനത്തിനുമായി ദിവസേന ആയിരക്കണക്കിന് ആളുകളാണ് ബിഎപിഎസ് മന്ദിറില്‍ എത്തുന്നത്. പുരാണ കഥകളുടെയും അറബ് രാജ്യങ്ങളുടെ പൈതൃകങ്ങളുടെയും ശില്പാവിഷ്കാരമാണ് മുഖ്യ ആകര്‍ഷണം. 12,550 ടണ്‍ റെഡ് സ്റ്റോണും 5000 ടണ്‍ ഇറ്റാലിയന്‍ മാര്‍ബിളും ഉപയോഗിച്ച് രാജസ്ഥാന്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍നിന്നുള്ള 2000 ശില്പികള് കൊത്തിയെടുത്ത് ശിലകള്‍ കൂട്ടിച്ചേര്‍ത്തു നിര്‍മിച്ച ക്ഷേത്രത്തിന്റെ മനോഹാരിത ആസ്വദിക്കാന്‍ ഒന്നിലേറെ തവണ എത്തിയവരും ധാരാളം. ഹിന്ദുക്കളുടെ ആരാധനാലയം എന്നതിലുപരി, വ്യത്യസ്ത വിശ്വാസങ്ങള്‍, മതങ്ങള്‍, സംസ്കാരങ്ങള്‍ എന്നിവയുടെ മൂല്യങ്ങളെക്കുറിച്ച് പഠിക്കുന്നതിനുള്ള ഒരു ഇടമായാണ് ക്ഷേത്രത്തെ കണ്ടുവരുന്നത്. അബുദാബി സര്‍ക്കാര്‍ സൗജന്യമായി നല്കിയ 27 ഏക്കറിലാണ് ശിലാക്ഷേത്രം പണിതത്.
Discussion about this post