ക്വാലാലംപൂർ : സമുദ്ര സുരക്ഷയും മറ്റ് സുരക്ഷാ ഭീഷണികളും കൈകാര്യം ചെയ്യുന്നതിനായി ഒരു ‘സംയുക്ത ഫോക്കസ് ഗ്രൂപ്പ്’ രൂപീകരിക്കാനൊരുങ്ങി ഇന്ത്യയും മലേഷ്യയും. പ്രതിരോധ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനാണ് ഇരു രാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സമുദ്ര സുരക്ഷ, സൈബർ സുരക്ഷ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിൽ ഒന്നിച്ച് പ്രവർത്തിക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ നടന്ന ചർച്ചയിൽ തീരുമാനമായി. ഇതിന്റെ ഭാഗമായി പ്രതിരോധ സെക്രട്ടറി സഹ അധ്യക്ഷനായി
ക്വാലാലംപൂരിൽ പതിമൂന്നാമത് മലേഷ്യ-ഇന്ത്യ പ്രതിരോധ സഹകരണ സമിതി യോഗം നടന്നു.
ഇന്ത്യൻ പ്രതിരോധ സെക്രട്ടറി ശ്രീ രാജേഷ് കുമാർ സിങ്ങും മലേഷ്യ പ്രതിരോധ മന്ത്രാലയം സെക്രട്ടറി ജനറൽ ശ്രീ ലോക്മാൻ ഹക്കിം ബിൻ അലിയും സംയുക്തമായാണ് മലേഷ്യ-ഇന്ത്യ പ്രതിരോധ സഹകരണ സമിതി യോഗത്തിന് അധ്യക്ഷത വഹിച്ചത്. ഉഭയകക്ഷി പ്രതിരോധ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളെക്കുറിച്ച് ഇരു രാജ്യങ്ങളും ചർച്ച നടത്തി. കൂടാതെ സമുദ്ര സുരക്ഷയുമായി ബന്ധപ്പെട്ട പാരമ്പര്യേതര ഭീഷണികളെ നേരിടുന്നതിനായി ഒരു ‘ജോയിന്റ് ഫോക്കസ് ഗ്രൂപ്പ്’ രൂപീകരിക്കാനും ഇരു രാജ്യങ്ങളും സമ്മതിച്ചു.
പ്രതിരോധ വ്യവസായങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ മെച്ചപ്പെടുത്താനും സുഖോയ് -30 വിമാനങ്ങളുടെ മികച്ച അറ്റകുറ്റപ്പണികളും സഹകരണവും ഇരു വ്യോമസേനകളും തമ്മിൽ സാധ്യമാക്കുന്നതിനായി ഒരു സുഖോയ് -30 ഫോറം സ്ഥാപിക്കാനും ക്വാലാലംപൂരിൽ നടന്ന യോഗത്തിൽ തീരുമാനമായി. 2024 ഓഗസ്റ്റിൽ മലേഷ്യൻ പ്രധാനമന്ത്രി ഡാറ്റോ സെരി അൻവർ ഇബ്രാഹിം ഇന്ത്യ സന്ദർശിച്ചിരുന്നു. തന്റെ ഇന്ത്യാ സന്ദർശന വേളയിൽ അദ്ദേഹം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയിരുന്നു.
Discussion about this post