ന്യൂഡൽഹി: പണമിടപാടുകൾക്ക് ഫീസ് ഈടാക്കാൻ തീരുമാനിച്ച് ഗൂഗിൾ പേ. ബിൽ പേയ്മെന്റുകൾക്ക് കൺവീനിയൻസ് ഫീ എന്ന നിലയാണ് ചാർജ് ഈടാക്കുന്നത്. നേരത്തെ രാജ്യത്തെ തന്നെ ഏറ്റവും വലിയ യുപിഐ പ്ലാറ്റ് ഫോം ആയ ഫോൺ പേ കൺവീനിയൻസ് ഫീസ് ഇടാക്കി തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഗൂഗിൾ പേയും സമാനരീതിയിൽ ഫീസ് ഈടാക്കുന്നത്.
ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള യൂട്ടിലിറ്റി ബിൽ പേയ്മെന്റുകൾക്കാണ് ഗൂഗിൾ പേയിൽ ഫീസ് ഉള്ളത്. വൈദ്യുതി ബിൽ, വാട്ടർ ബിൽ, പാചകവാതക ബിൽ എന്നിവ അടയ്ക്കുമ്പോൾ അധിക തുക ഇനി മുതൽ നൽകേണ്ടിവരും. 0.50 ശതമാനം മുതൽ ഒരു ശതമാനം വരെയാണ് ഫീസ് ഈടാക്കുക. ഇതിനൊപ്പം തന്നെ ജിഎസ്ടിയും നൽകേണ്ടതായി വരും. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് പേയ്മെന്റുകൾ പ്രോസസ്സ് ചെയ്യുന്നതിന് കമ്പനികൾക്ക് ചിലവ് ഉണ്ട്. ഇത് നികത്താൻ ഈ ഫീസ് സഹായിക്കും എന്നാണ് കരുതുന്നത്. മൊബൈൽ റീചാർജുകൾക്ക് ഗൂഗിൾ പേ മൂന്ന് രൂപ കൺവീനിയൻസ് ഫീസായി നേരത്തെ തന്നെ ഈടാക്കാൻ ആരംഭിച്ചിരുന്നു.
അതേസമയം യുപിഐ ഇടപാടിന് മാത്രം ആണ് കൺവീനിയൻസ് ഫീസ് നൽകേണ്ടിവരുക. നേരിട്ടുള്ള ഇടപാടിന് ഇത ബാധകമാകില്ല. ഇന്ന് കോടിക്കണക്കിന് ആളുകൾ ആണ് ഗൂഗിൾ പേ ഉപയോഗിക്കുന്നത്. നമ്മുടെ രാജ്യത്ത് വിപണി വിഹിതത്തിൽ രണ്ടാം സ്ഥാനമാണ് ഗൂഗിൾ പേയ്ക്ക് ഉള്ളത്.
Discussion about this post