മുംബൈ: ഇസ്ലാം ഇതര മതങ്ങളെ അവഹേളിച്ച സംഭവത്തിൽ ഹാസ്യതാരം മുനാവർ ഫറൂഖിയ്ക്കെതിരെ വീണ്ടും കേസ്. അഭിഭാഷകയായ അമിത സച്ച്ദേവയാണ് പരാതി നൽകിയത്. സംഭവത്തിൽ ഫറൂഖിയ്ക്കെതിരെ ഹൈന്ദവ സംഘടനകൾ രംഗത്ത് വന്നിരുന്നു. ഇതിനിടെയാണ് പോലീസിൽ പരാതി എത്തുന്നത്.
ഒടിടി പ്ലാറ്റ്ഫോമിലൂടെ സംപ്രേഷണം നടത്തുന്ന ഹഫ്ത വസൂലി ഷോയിലാണ് ഫറൂഖി ഇസ്ലാമിതര മതങ്ങൾക്കെതിരെ പരാമർശം നടത്തിയത്. ഭാരത്തിന്റെ സംസ്കാരത്തിന് യോജിക്കാത്ത തരത്തിൽ ഫറൂഖി നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയുമായി ആളുകൾ രംഗത്ത് എത്തിയത്. ഹഫ്ത വസൂൽ എന്ന പരിപാടി നിരോധിക്കണം എന്നും ആവശ്യം ഉയരുന്നുണ്ട്.
ഫറൂഖിയ്ക്കെതിരെ പരാതി നൽകിയ വിവരം അഭിഭാഷക എക്സ് അക്കൗണ്ടിലൂടെയാണ് അറിയിച്ചത്. പരാതിയുടെ കോപ്പിയും പരാതിയ്ക്ക് ആധാരമായ സംഭാഷണത്തിന്റെ വീഡിയോയും ഒപ്പം പങ്കുവച്ചിട്ടുണ്ട്. ഫസ്ത വസൂൽ എന്ന പരിപാടിയിലെ പരാമർശത്തിലൂടെ മതവികാരം വ്രണപ്പെടുത്തിയ മുനാവർ ഫറൂഖിയ്ക്കെതിരെ ഔദ്യോഗികമായി പരാതി നൽകി. ഭാരതീയ ന്യായ സംഹിതയിലെ 196, 299, 353 എന്നീ വകുപ്പുകളും, ഐടി നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തി കേസ് എടുക്കണം എന്നാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യം. അശ്ലീലത പ്രോത്സാഹിപ്പിച്ചതിനും, മതവികാരം വ്രണപ്പെടുത്തിയതിനും, സാംസ്കാരിക മൂല്യങ്ങളെ അപമാനിച്ചതിനും, കർശന നടപടി സ്വീകരിക്കണം എന്നാണ് എക്സിൽ അമിത പറഞ്ഞിരിക്കുന്നത്. പോലീസ് നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അമിത മുന്നറിയിപ്പ് നൽകി.
മുനാവർ ഫറൂഖിയ്ക്കെതിരെ ഹിന്ദു ജനജാഗ്രതി സമിതിയും രംഗത്ത് എത്തിയിട്ടുണ്ട്. പരിപാടി നിരോധിക്കണം എന്നാണ് ഇവരുടെ ആവശ്യം. ഇത് ആദ്യമായിട്ടല്ല മതവികാരം വ്രണപ്പെടുത്തിയതിന് മുനാവർ ഫറൂഖിയ്ക്കെതിരെ പരാതി ഉയരുന്നത്. 2021 ൽ ഹൈന്ദവ വിരുദ്ധ പരാമർശം നടത്തിയതിനും ഫറൂഖിയ്ക്കെതിരെ കേസ് എടുത്തിരുന്നു.
Discussion about this post