തിരുവനന്തപുരം: ചെങ്ങന്നൂരില്‍ മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജ് മത്സരിക്കും. പി.സി.വിഷ്ണുനാഥിന് സീറ്റ് നല്‍കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് ശോഭനാ ജോര്‍ജ് മത്സരിക്കുന്നത്.
. ശോഭനാ ജോര്‍ജ് രംഗത്തെത്തിയതോടെ ചെങ്ങന്നൂരിലെ മത്സരം കൂടുതല്‍ വാശിയേറിയതാകും. പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശോഭന ജോര്‍ജ്ജ് തുടക്കം കുറിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിഷണുനാഥിനു തന്നെയാണ് സാധ്യത. മറ്റൊരു പേരും നേതൃത്വത്തിനു മുന്നിലില്ല. രാമചന്ദ്രന്‍നായരാണ് സിപിഎം സ്ഥാനാര്‍ഥി. അഡ്വ. പി.എസ്.ശ്രീധരന്‍പിള്ളയാണ് ബിജെപി സ്ഥാനാര്‍ഥി.
‘നാട്ടുകാരിക്ക് ഒരു വോട്ട്’ എന്ന വാചകത്തോടെ ശോഭനാ ജോര്‍ജിന്റെ പോസ്റ്ററുകള്‍ മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും പതിച്ചിട്ടുണ്ട്. കൊട്ടാരക്കര പുത്തൂര്‍ സ്വദേശിയായ വിഷ്ണുനാഥിനെതിരെയാണ് പരോക്ഷ വിമര്‍ശനം. ശോഭനാ ജോര്‍ജ് മൂന്നു തവണ ചെങ്ങന്നൂരിനെ നിയമസഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്.
നേരത്തെ ചെങ്ങന്നൂരില്‍ തന്നെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെങ്കില്‍ മറ്റ് വഴികള്‍ നോക്കുമെന്ന് ശോഭന ജോര്‍ജ്ജ് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ വിഷ്ണുനാഥ് തന്നെ മത്സരിക്കുമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇടത് മുന്നണി പിന്തുണയോടെ മത്സരിക്കാന്‍ ശോഭന ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല. ഇതേ തുടര്‍ന്നാണ് ഒരു മുന്നണിയുടെയും ഭാഗമല്ലാതെ മത്സരിക്കാന്‍ ശോഭന തയ്യാറായത്.
Discussion about this post