തിരുവനന്തപുരം: ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പിനുപുറമെ ഇന്റര്‍നെറ്റ് വ്യാപാരത്തിലും ഓണ്‍ലൈന്‍ ലോട്ടറിയിലും വലവിരിച്ച് സൈബര്‍ തസ്കര സംഘം. ആറു മാസത്തിനിടെ തട്ടിപ്പുസംഘം മലയാളികളില്‍നിന്നു കവര്‍ന്നതു പതിനഞ്ചരക്കോടി രൂപയാണ്. തട്ടിപ്പു ശൃംഖലയ്ക്കു രാജ്യാന്തര ബന്ധമുള്ളതിനാല്‍ അന്വേഷണം ഏറെ ശ്രമകരമാണെന്നു ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.
ബാങ്ക് ഡേറ്റാ ബേസ് വിവരങ്ങള്‍ ചോര്‍ത്തി മലയാളികളുടെ കോടികള്‍ കവര്‍ന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് ഓണ്‍ലൈന്‍ തട്ടിപ്പു സംഘത്തിന്റെ മറ്റു സാമ്പത്തിക ഇടപാടുകള്‍ മറനീക്കിയത്. രാജ്യാന്തര കമ്പനികളുടെ ഓണ്‍ലൈന്‍ ലോട്ടറി നറുക്കെടുപ്പില്‍ വിജയികളായെന്നു കാട്ടിയാണ് തട്ടിപ്പുകള്‍ ഏറെയും നടന്നതെന്നാണ് കണ്ടെത്തല്‍. സമ്മാനമായി ലഭിച്ച വന്‍തുക സ്വന്തമാക്കാന്‍ നികുതി അടക്കണമെന്ന പേരില്‍ മലയാളികളില്‍ നിന്ന് തട്ടിപ്പ് സംഘം അടുത്തിടെ കവര്‍ന്നത് ഏഴരക്കോടി രൂപയാണ്. ഇന്റര്‍നെറ്റ് വ്യാപാരത്തിനിടെ ഉപഭോക്താക്കളുടെ എടിഎം കാര്‍ഡിലെ രഹസ്യകോഡും ഒടിപി നമ്പറും ചോര്‍ത്തി അപഹരിച്ചതാകട്ടെ ആറ് കോടി രൂപയും. ഇങ്ങനെ വിവിധ ഓണ്‍ലൈന്‍ ഇടപാടുകളിലൂടെ സംസ്ഥാനത്തു പതിനഞ്ചരക്കോടി രൂപയുടെ തട്ടിപ്പുനടന്നതായി പൊലീസ് സ്ഥിരീകരിച്ചു.
ശൃംഖലയുടെ രാജ്യാന്തരബന്ധമാണ് അന്വേഷണത്തിലെ പ്രധാനവെല്ലുവിളിയെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികള്‍ ഏറുന്ന സാഹചര്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ അന്വേഷണം വിപുലമാക്കുമെന്നും ഡിജിപി പറഞ്ഞു.
Discussion about this post