തിരുവനന്തപുരം: മൈക്രോ ഫിനാന്‍സ് തട്ടിപ്പുകേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് കോടതി രണ്ടാഴ്ചത്തെ സമയം കൂടി അനുവദിച്ചു. അതേസമയം വെള്ളാപ്പള്ളിക്ക് എതിരെ കേസെടുക്കാനുളള തെളിവുകള്‍ ലഭിച്ചെന്ന് കോടതിയില്‍ വിജിലന്‍സ് അറിയിച്ചു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ തട്ടിപ്പ് നടന്നതിനാല്‍ സംസ്ഥാനമൊട്ടാകെ തെളിവ് എടുക്കാനുണ്ടെന്നും അതിനാല്‍ കൂടുതല്‍ സമയം വേണമെന്നും വിജിലന്‍സ് അറിയിച്ചു. തുടര്‍ന്നാണ് ഈ മാസം 27ലേക്ക് കേസ് വീണ്ടും കോടതി മാറ്റിവെച്ചത്. വെള്ളാപ്പള്ളിക്ക് എതിരെ കേസ് എടുക്കണമോ എന്ന കാര്യം വിജിലന്‍സിന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.
മൈക്രോ ഫിനാന്‍സ് വായ്പയുടെ പേരില്‍ സംസ്ഥാന പിന്നോക്കജാതിക്ഷേമ കോര്‍പറേഷനില്‍നിന്ന് ലഭിച്ച വഴി അഞ്ചു കോടി രൂപ വഴി തിരിച്ചുവിട്ട് ക്രമക്കേട് നടത്തിയെന്നാണ് വിഎസ് വെള്ളാപ്പള്ളിക്കെതിരെ നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നത്. പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട വായ്പാ തുകയിലാണ് തിരിമറി നടന്നത്. ദുര്‍ബല വിഭാഗങ്ങള്‍ക്ക് നല്കാന് കോര്പ്പറേഷന് രണ്ട് ശതമാനം പലിശമാത്രം ഈടാക്കി നല്കിയ വായ്പ 12 ശതമാനത്തിനാണ് നല്‍കിയത്. അഞ്ച് ശതമാനം മാത്രമേ പലിശ ഈടാക്കാവൂ എന്ന വ്യവസ്ഥ തെറ്റിച്ചു.
പണം ലഭിക്കാനായി രൂപീകരിച്ച 75 ശതമാനം സ്വയം സഹായ സംഘങ്ങളും കേവലം കടലാസ് സംഘങ്ങളായിരുന്നു. പണം ലഭിച്ച് ഒരുമാസത്തിനകം വിനിയോഗ സര്‍ട്ടിഫിക്കേറ്റ് നല്‍കണമെന്നായിരുന്നു വ്യവസ്ഥ. 2014 ജൂണ്‍ 19നാണ് സംഘങ്ങള്‍ക്ക് കോര്പ്പറേഷന് അഞ്ചു കോടി രൂപ വായ്പ നല്‍കിയത്. 250 സ്വയം സഹായ സംഘങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കാനായിരുന്നു വായ്പ. സംഘത്തിലെ അംഗങ്ങള്‍ക്ക് സംരംഭം തുടങ്ങാന്‍ 25,000 രൂപവരെ വായ്പ അനുവദിക്കുന്നതാണ് പദ്ധതി. ഇതിനായി 250 സംഘങ്ങളുടെ പട്ടികയും നല്കി. ഒരു മാസത്തിനകം വിനിയോഗ സര്‍ട്ടിഫിക്ക് നല്‍കാഞ്ഞതിനെ തുടര്‍ന്ന് കോര്പ്പറേഷന് വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. എല്ലാ ജില്ലകളിലും തട്ടിപ്പ് നടന്നു.
തൃക്കരിപ്പൂര്‍, വയല്‍വാരം, ചെമ്പഴന്തി, ശ്രീനാരായണ, ശാരദാ മഠം തുടങ്ങി 18 സംഘങ്ങള്‍ വായ്പ ലഭിച്ചില്ലെന്ന് സത്യവാങ് മൂലം നല്കി. കോഴിക്കോട്ട് ആറ് യൂണിറ്റുകള്‍ക്കായി ഒരുകോടി 18 ലക്ഷം രൂപ നല്‍കിയെന്ന് രേഖയുണ്ടാക്കിയെങ്കിലും അഞ്ച് യൂണിറ്റുകള്‍ക്കായി വെറും 40.45 ലക്ഷമാണ് നല്‍കിയത്. ചാലക്കുടിയില്‍ ഒരു യൂണിറ്റിന് 20 ലക്ഷം രൂപ അനുവദിച്ചു. നല്‍കിയത് നാല് സംഘങ്ങള്‍ക്കായി 10 ലക്ഷം. മലപ്പുറത്ത് 10 സംഘങ്ങള്‍ക്ക് 20 ലക്ഷം അനുവദിച്ചെങ്കിലും നല്‍കിയത് ഒമ്പത് ലക്ഷം മാത്രം.
Discussion about this post