കോട്ടയം: മുന്നണി രാഷ്ട്രീയം പ്രസക്തമാണെന്നും എന്നാല്‍ ഇപ്പോള്‍ ഒറ്റയ്ക്ക് നില്‍ക്കാനാണ് തീരുമാനമെന്നും അതില്‍ മാറ്റമില്ലെന്നും കേരള കോണ്‍ഗ്രസ് ചെയര്മാന് കെഎം മാണി. മുന്നണിയില്പെടാതെ തനിച്ചു നില്‍ക്കുന്നതിലെ അതൃപ്തി വ്യക്തമാക്കി കൊണ്ടുള്ള പിജെ ജോസഫിന്റേയും, മോന്‍സ് ജോസഫിന്റേയും പ്രതികരണം വന്ന പശ്ചാത്തലത്തിലാണ് മാണിയുടെ പ്രതികരണം.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഒറ്റയ്ക്ക് നില്‍ക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്. നിലവില്‍ ഒറ്റയ്ക്ക് നില്ക്കാന് കേരള കോണ്‍ഗ്രസിന് ത്രാണിയുണ്ട്. 1965 ലും 67 ലും 70ലും ഒറ്റയ്ക്ക് മത്സരിച്ചു ജയിച്ചു കയറിയവരാണ് കേരള കോണ്‍ഗ്രസുകാര്‍ .മുന്നണി വിട്ടു നില്‍ക്കുന്നത് സംബന്ധിച്ച ജോസഫ് ഗ്രൂപ്പില്‍ ആശയക്കുഴപ്പമുണ്ടെന്ന വാര്‍ത്തകളെ മാണി തള്ളി. ഏകകണ്ഠമായാണ് സ്വതന്ത്ര നിലപാട് സ്വീകരിച്ചത്.
മാണിക്കും കേരള കോണ്‍ഗ്രസിനും അനുകൂലമായി മൂന്ന് മുന്നണികളും പ്രതികരിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, എല്ലാവരും സ്വാഗതം ചെയ്യുന്നത് സന്തോഷമുള്ള കാര്യമാണെന്നായിരുന്നു മാണിയുടെ മറുപടി.
ഇതിനിടെ കേരളത്തില്‍ മുന്നണി ബന്ധം അനിവാര്യമാണെന്ന് പിജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞത് ചര്‍ച്ചയായിരുന്നു. മുന്നണി ബന്ധം അനിവാര്യമാണ്. അതേസമയം ഒറ്റയ്ക്ക് നിന്ന് ശക്തിപ്പെടുക എന്നതാണ് പാര്‍ട്ടി നയം. ഇപ്പോഴത്തെ കാലഘട്ടത്തില്‍ മുന്നണിബന്ധം ഉള്ളതാണ് നല്ലതെന്നും പിജെ ജോസഫ് പറഞ്ഞു.
മാണിയുടെ നിലപാടുകളില്‍ വിയോജിപ്പുമായി ജോസഫ് വിഭാഗം നേതാവ് മോന്‍സ് ജോസഫും രംഗത്ത് വന്നിരുന്നു. കേരളത്തില്‍ മുന്നണി രാഷ്ട്രീയത്തിനാണ് പ്രസക്തിയെന്ന് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ മുന്നണി രാഷ്ട്രീയം യാഥാര്‍ഥ്യമാണ്. ഇക്കാര്യം പാര്‍ട്ടിയില്‍ വിശദമായി ചര്‍ച്ച ചെയ്യും.
Discussion about this post