കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ടസിന്റെ ‘പാക്കിസ്ഥാന് സ്വാതന്ത്ര്യദിന ക്വിസ്’ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയതിന് പിന്നാലെ വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ച് സ്ഥാപനം രംഗത്തെത്തി.
പാക്കിസ്ഥാനി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ആവിഷ്കരിച്ച പരിപാടിയുടെ പ്രചാരണ പരസ്യങ്ങളാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടതെന്ന് മാനേജ്മെന്റ് വിശദീകരണ കുറിപ്പ് ഇറക്കി. മാനേജ്മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ഈ പരിപാടി വേണ്ടെന്ന് വെക്കുകയും പോസ്റ്റുകള്‍ ഉടന്‍ പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തുവെന്ന് വിശദീകരണ കുറിപ്പില്‍ പറയുന്നു. പരിപാടി ആരുടെയെങ്കിലും വികാരം വൃണപ്പെടുത്തിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മാനേജ്മെന്റ് വ്യക്തമാക്കി. പാക് സ്വാതന്ത്ര്യദിന ക്വിസ് സംബന്ധിച്ച പരാമര്‍ശം മലബാര്‍ ഗോള്‍ഡിന്റെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടത് സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായിരുന്നു. നിരവധി പേരാണ് ഇതിനെതിരെ രംഗത്തെത്തിയത്.
വിശദീകരണ കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങള്‍
സ്വാതന്ത്ര്യദിന വേളയില്‍ സമൂഹ മാധ്യമങ്ങളില്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിനെക്കുറിച്ച് പ്രചരിച്ച തെറ്റിദ്ധാരണാ ജനകമായ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെടുത്തിയതിന് നന്ദി. ഇത് സംബന്ധിച്ച് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും നിരവധി അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്.
ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തില്‍ അഭിമാനം കൊള്ളുകയും ഭാരതീയ ആഭരണ കലാ പാരമ്പര്യത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് മറുനാടുകളില്‍ പ്രശസ്തി ആര്‍ജിക്കുകയും ചെയ്ത ഇന്ത്യന്‍ ജ്വല്ലറി ബ്രാന്‍ഡ് ആണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ്.
ഇന്ത്യക്ക് പുറത്തും സാന്നിധ്യമുള്ള ഒരു സ്ഥാപനം എന്ന നിലക്ക് ഞങ്ങള്‍ക്ക് പല ദേശങ്ങളില്‍ നിന്നും ആയിരക്കണക്കിന് ഉപഭോക്താക്കള്‍ ഉണ്ട്. അതുകൊണ്ട് തന്നെ അവരുടെയൊക്കെ ആഘോഷങ്ങളിലും ദേശീയ ദിനങ്ങളിലും അവരോട് സാഹോദര്യം പ്രകടിപ്പിക്കുന്ന നിരവധി പ്രചാരണ പരിപാടികള്‍ ഞങ്ങള്‍ സമയാസമയം സംഘടിപ്പിക്കാറുണ്ട്. അറബ് രാഷ്ട്രങ്ങളുടെയും സിംഗപ്പൂര്‍, ഫിലിപ്പൈന്‍സ്, മലേഷ്യ, പാക്കിസ്ഥാന് തുടങ്ങിയ രാജ്യങ്ങളുടെയും ദേശീയ ദിനാഘോഷങ്ങളില്‍ ഒരു ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറി എന്ന നിലയില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. വാസ്തവത്തില്‍ ഞങ്ങള്‍ മാത്രമല്ല ഗള്‍ഫ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒട്ടു മിക്ക ഇന്ത്യന്‍ സ്ഥാപനങ്ങളും ആഗോള ബ്രാന്‍ഡുകളും ഇത്തരം പരിപാടികള്‍ അവരുടെ വിപണന നയത്തിന്റെ ഭാഗമായി നടത്തി വരുന്നു. ഗള്‍ഫിലെ പ്രമുഖ മാധ്യമങ്ങള്‍ പരിശോധിച്ചാല്‍ ഇതിന് നിരവധി ഉദാഹരങ്ങള്‍ കാണാന്‍ കഴിയും. പാക്കിസ്ഥാന് സ്വാതന്ത്ര്യ ദിനത്തിന് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ടും ഈയവസരത്തില്‍ ഗള്‍ഫിലെ പാക്കിസ്ഥാനി പൗരന്മാര്ക്ക് നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ടും നിരവധി ഇന്ത്യന്‍ കമ്പനികളും ആഗോള ബ്രാന്‍ഡുകളും ഈ വര്‍ഷവും പതിവ് പോലെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു .
അത്തരത്തില്‍ ഒരു പ്രചാരണ പരിപാടിയാണ് പാക്കിസ്ഥാന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ഞങ്ങളുടെ ഗള്‍ഫിലുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സി നിര്‍ദേശിച്ച ക്വിസ് മത്സരം.
സദുദ്ദേശത്തോടെ ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിംഗ് ഡിവിഷന് ഗള്‍ഫ് ഷോറൂമുകളിലെ പാക്കിസ്ഥാനി ഉപഭോക്താക്കളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ആവിഷ്കരിച്ച ഈ പരിപാടിയുടെ പ്രചാരണ പരസ്യങ്ങളാണ് ഞങ്ങളുടെ ഔദ്യോഗിക ഫേസ്ബുക് പേജില്‍ പ്രത്യക്ഷപ്പെട്ടത്. ഇത് കോര്‍പ്പറേറ്റ് മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്ട്മെന്റിന്റെയും സീനിയര്‍ കോര്‍പറേറ്റ് മാനേജ്മെന്റിന്റെയും ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ ഈ പ്രചാരണ പരിപാടി വേണ്ടെന്ന് വെക്കുകയും പോസ്റ്റുകള്‍ ഉടനടി പിന്‍വലിക്കുവാന്‍ നിര്‍ദേശം കൊടുക്കുകയും ചെയ്തു.
പ്രചാരണ പരിപാടി ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് മനഃപൂര്‍വം അല്ല. ഇത് മൂലം ഉണ്ടായ മനഃപ്രയാസങ്ങള്‍ക്ക് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് മാനേജ്മന്റ് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.
Discussion about this post