പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് കാലത്തെ ക്രമീകരണങ്ങളുടെ ഏകോപനത്തിനുവേണ്ടി പമ്പയില്‍ വകുപ്പ് മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നടന്ന അവലോകനയോഗത്തില്‍ തര്‍ക്കം. മുഖ്യമന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും തമ്മിലാണ് തര്‍ക്കം. ശബരിമലയിലെ വിഐപി ക്യൂ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിനിടയാക്കിയത്. തിരുപ്പതി മോഡല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 500, 1000, 2000 രൂപ വച്ച് പ്രത്യേക പാസ് നല്‍കണമെന്നായിരുന്നു പിണറായി വിജയന് മുന്നോട്ട് വച്ചത്.
വിഐപി ക്യു ഒഴിവാക്കുന്ന കാര്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും തമ്മില്‍ യോഗത്തില്‍ തര്‍ക്കവുമുണ്ടായി. മുഖ്യമന്ത്രിയുടെ അഭിപ്രായത്തില്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് എതിര്‍പ്പ് അറിയിക്കുകയായിരുന്നു. വിഐപിമാര്‍ക്കുളള പ്രത്യേക ക്യൂ ഒഴിവാക്കാനാവില്ലെന്നായിരുന്നു പ്രസിഡന്റ് വ്യക്തമാക്കിയത്. പണമുള്ളവന് മാത്രം പാസ്സ് എന്ന രീതി നടക്കില്ലെന്നും പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. സ്ത്രീ പ്രവേശനത്തില്‍ ദേവസ്വത്തിന്റെ അഭിപ്രായം കേള്‍ക്കണമെന്നും പ്രയാര്‍ അറിയിച്ചു. പ്രസിഡന്റിന്റെ വാക്കുകളില്‍ രാഷ്ട്രീയമുണ്ടെന്നാണ് മുഖ്യമന്ത്രി തുടര്‍ന്ന് പറഞ്ഞത്.
ഭക്തരുടെ സൗകര്യത്തിനായി ശബരിമലയ്ക്ക് സമീപം പുതിയ വിമാനത്താവളം നിര്‍മ്മിക്കുന്ന കാര്യം ആലോചനയിലുണ്ട്. കൂടാതെ തിരക്കൊഴിവാക്കാനായി റോപ് വേ സംവിധാനം ഏര്‍പ്പെടുത്തണം. നിലവിലുളള വിഐപി ക്യൂ ഒഴിവാക്കി പകരം വിഐപി ദര്‍ശനത്തിനായി പ്രത്യേക പണം ഈടാക്കും. ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന ഭക്തര്‍ക്കായി മികച്ച താമസ സൗകര്യം ഒരുക്കാനായി യാത്രാഭവനുകള്‍ തുടങ്ങും. കൂടാതെ സ്വകാര്യ ഹോട്ടലുകളുടെ കൊളള നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
‘മറ്റ് ദേവാലയങ്ങളെ പോലെ കാശുളളവന് മുന്നില്‍ നിന്ന് കാണാം, ആയിര രൂപ ടിക്കറ്റും അഞ്ഞുറ് രൂപ ടിക്കറ്റുമൊക്കെ ശബരിമലയില്‍ നടക്കില്ല. ദേവസ്വം ബോര്‍ഡിനെ ഭരിക്കാന്‍ ഈ ഗവണ്മെന്റ് മതി. ഈ ഗവണ്മെന്റ് എടുക്കുന്ന ഏത് തീരുമാനവും അതൊരു ഗവണ്മെന്റ് ഓര്‍ഡര്‍ ആണെങ്കില്‍ കൂടിയും ഞങ്ങള്‍ അംഗീകരിക്കും. ഒരു കാര്യം കൂടി എനിക്ക് പറയാനുണ്ട്. അത് പറഞ്ഞില്ലെങ്കില്‍ ശരിയാവില്ല. അതിന് മുഖ്യമന്ത്രിയുടെ വാക്ക് തന്നെ ഞാന്‍ കടം എടുക്കുകയാണ്. ക്യൂ കോംപ്ലക്സില്‍ കോംപ്ലക്സ് ആണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം അത് ഓര്‍ക്കുന്നുണ്ടാകും എന്നാണ് എന്റെ വിശ്വാസം. ആ കോംപ്ലക്സ് ഒഴിവാക്കിയാലെ അത് ഭംഗിയായി നടത്താന്‍ കഴിയു എന്ന് പറയേണ്ടതും എന്റെ കടമയാണ്’.-എന്നിങ്ങനെയാണ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞത്.
ശബരിമലനട എല്ലദിവസവും തുറക്കുന്ന കാര്യം ആലോചിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ ചര്‍ച്ച നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഇതും ദേവസ്വം പ്രസിഡണ്ട് എതിര്‍ത്തു. ഇതെല്ലാം വിശ്വാസവുമായി ബന്ധപ്പെടുന്ന കാര്യമാണ് എന്നായിരുന്നു പ്രയാര്‍ ഗോപാലകൃഷ്ണന്റെ വാക്കുകള്‍
ഉച്ചയ്ക്ക് രണ്ടുമണിക്ക് സന്നിധാനത്ത് നടത്താനിരുന്ന യോഗം കനത്ത മഴയെ തുടര്‍ന്നാണ് പമ്പയിലേക്ക് മാറ്റിയതും നേരത്തെയാക്കിയതും. മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ മന്ത്രിമാരായ കടകംപളളി സുരേന്ദ്രന്, കെ.കെ ഷൈലജ, ജി. സുധാകരന്, ഇ.ചന്ദ്രശേഖരന്, കെ.ടി ജലീല്‍, മാത്യു ടി തോമസ്, എ,കെ ശശീന്ദ്രന്, കെ.രാജു എന്നിവരും എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
Discussion about this post