കൊല്ലം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വേദിയിലിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത വിമര്‍ശനം. വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ പ്രസ്ഥാനം പോകുന്നതിനെയും, എസ്എന്‍ഡിപി യോഗത്തിന്റെ കീഴിലുളള കോളേജുകളില്‍ തലവരിപ്പണം വാങ്ങുന്നതിനെതിരെയുമാണ് എസ്എന്‍ഡിപി നേതാക്കളെ സാക്ഷിയാക്കി യോഗവേദിയില് പിണറായി ആഞ്ഞടിച്ചത്. പുനലൂര്‍ എസ്എന്‍ കോളേജില്‍ നടന്ന എസ്എന്‍ ട്രസ്റ്റിന്റെ പരിപാടി ഉദ്ഘാടനമാണ് സന്ദര്‍ഭം.
ശ്രീനാരായണ ധര്മ്മത്തിന് വിപരീതമായാണ് പ്രസ്ഥാനം പോകുന്നത്. ചില കോളേജ് മാനെജ്മെന്റുകള്‍ പണം വാങ്ങി പ്രവേശനം നടത്തുകയാണ്. മുന്‍പ് പണം വാങ്ങാതിരുന്നവരും ഇപ്പോള്‍ പണം വാങ്ങുകയാണ്. ഇതോടെ പണമില്ലാത്തവര്‍ക്ക് പഠനം നിഷേധിക്കപ്പെടുന്ന അവസ്ഥയാണ്. കോളേജുകളില്‍ തലവരിപ്പണം വാങ്ങുന്നത് അഴിമതിയായി തന്നെ കാണണം. ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
പിന്നാലെ പ്രസംഗിക്കാന്‍ എത്തിയ വെള്ളാപ്പള്ളി നടേശനാകട്ടെ മാറി മാറി വന്ന സര്‍ക്കാരുകള്‍ എസ്എന്‍ ട്രസ്റ്റിനെ അവഗണിക്കുകയാണെന്ന് വ്യക്തമാക്കി. ആര്. ശങ്കറിന്റെ കാലത്തിനുശേഷം മൂന്ന് കോളെജുകള്‍ മാത്രമാണ് ട്രസ്റ്റിന് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് മിടുക്കനായ മുഖ്യമന്ത്രിയാണെന്നും അദ്ദേഹത്തോട് ബഹുമാനം മാത്രമെ ഉള്ളുവെന്നും ഇനിയും എസ്എന്‍ഡിപിയുടെ പരിപാടികളിലേക്ക് വിളിക്കുമെന്നും വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Discussion about this post