ഉജ്ജയിന്‍: മധ്യപ്രദേശിലെ ഉജ്ജയിനിലെ പ്രശസ്തമായ റിഷഭ് ദേവ് ജൈന ക്ഷേത്രത്തില്‍ ജീന്‍സ്, പാവാട അടക്കം പാശ്ചാത്യ വസ്ത്രങ്ങള്‍ ധരിച്ചെത്തുന്ന പെണ്‍കുട്ടികള്‍ക്ക് പ്രവേശ വിലക്ക്. എട്ടും അതിന് മുകളിലേക്കും പ്രായമുള്ള പെണ്‍കുട്ടികള്‍ ജീന്‍സ്, ടി ഷര്‍ട്ട്, സ്കര്ട്ട്ടോപ്പ്, കാപ്പിരി പാന്റ്സ്, ഗൗണ്‍സ്, അല്പ വസ്ത്രങ്ങള്‍ അടക്കമുള്ള പാശ്ചാത്യ വസ്ത്രങ്ങള്‍ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം.
ക്ഷേത്രത്തിലെ ശ്വേതാംബര്‍ ജൈന്‍ സമാജും ചാഗ്നിരം പേദി ട്രസ്റ്റുമാണ് വിലക്ക് ഏര്‍പ്പെടുത്തി കൊണ്ടുള്ള തീരുമാനമെടുത്തത്. ഇന്ത്യന്‍ സംസ്കാരത്തിന് യോജിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ക്കും തല മറക്കുന്നവര്‍ക്കും പ്രവേശം അനുവദിക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് മഹേന്ദ്ര ശിരോലിയ മാധ്യമങ്ങളോട് പറഞ്ഞു.
ക്ഷേത്രത്തിന്റെ അന്തസിനെ ബാധിക്കുന്നതു കൊണ്ടാണ് പാശ്ചാത്യ വസ്ത്രം ധരിച്ചെത്തുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. വിലക്ക് സംബന്ധിച്ച അറിയിപ്പ് ക്ഷേത്രത്തിന്റെ പുറത്ത് നോട്ടീസിലൂടെ പ്രസിദ്ധപ്പെടുത്തും. അനുയോജ്യമായ വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ക്ക് ക്ഷേത്ര പ്രവേശത്തിന് വിലക്കില്ലെന്നും മഹേന്ദ്ര ശിരോലിയ വ്യക്തമാക്കി.
Discussion about this post