തിരുവനന്തപുരം: സൗമ്യയുടെ അമ്മയും സഹോദരനും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സൗമ്യ വധക്കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് പ്രതി ഗോവിന്ദച്ചാമിക്ക് അനുകൂല വിധിയുണ്ടായ പശ്ചാത്തലത്തിലാണ് അമ്മ സുമതിയും സഹോദരനും മുഖ്യമന്ത്രിയെ കണ്ടത്. കേസ് നടത്തിപ്പില്‍ പാളിച്ചയുണ്ടായി എന്ന പരാതി സൗമ്യയുടെ അമ്മ മുഖ്യമന്ത്രിയെ അറിയിച്ചതായാണ് വിവരം.
മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതില്‍ പൂര്‍ണ സംതൃപ്തിയെന്ന് സൗമ്യയുടെ അമ്മ സുമതി മാധ്യമങ്ങളോട് പറഞ്ഞു. ഗോവിന്ദച്ചാമിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന സര്‍ക്കാര്‍ നടപടികളില്‍ പ്രതീക്ഷയുണ്ടെന്നും സുമതി പറഞ്ഞു. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയാരുന്നു സുമതി.
അതേസമയം സൗമ്യകേസില്‍ എന്തൊക്കെ തുടര്‍നടപടികള്‍ സ്വീകരിക്കണം എന്നതിനെക്കുറിച്ച് ഇന്ന് ചേരുന്ന മന്ത്രസഭായോഗം ചര്‍ച്ച ചെയ്യും. കേസില്‍ പുന:പരിശോധന ഹര്‍ജി നല്‍കണമെന്ന് നേരത്തേ തന്നെ തീരുമാനമുണ്ടായിരുന്നു. വരുന്ന വ്യാഴാഴ്ച ഹര്‍ജി സമര്‍പ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍ പുന:പരിശോധന ഹരജിയില്‍ പാളിച്ചകള്‍ സംഭവിക്കാതിരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കണം എന്ന കാര്യവും മന്ത്രിസഭ യോഗം ചര്‍ച്ച ചെയ്യുമെന്നാണറിയുന്നത്. കേസ് നടത്തിപ്പില്‍ പ്രോസിക്യൂഷന് വീഴ്ച വരുത്തിയെന്ന് പൊതുവെ വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് പുന:പരിശോധനാ ഹര്‍ജിയില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
Discussion about this post