തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ യുഡിഎഫ് എംഎല്‍എമാരുടെ നിരാഹാരം ആറാംദിനത്തിലേക്ക് കടന്നു. അതിനിടെ നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും. സ്വാശ്രയ വിഷയത്തിലൂന്നിയുള്ള സമരം തന്നെയായിരിക്കും പ്രതിപക്ഷം ഇന്നും സഭയില്‍ നടത്തുക. സര്‍ക്കാരിനെതിരെ വിഎസ് ഇന്നലെ നടത്തിയ പ്രസ്താവന ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ ആലോചന.
ആദ്യ പ്രസ്താവനയില്‍ വി എസ് തിരുത്തല്‍ വരുത്തിയത് പാര്‍ട്ടിയുടെ സമ്മര്‍ദ്ദം മൂലമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. വി എസിന്റെ പ്രസ്താവന വന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് പ്രതിപക്ഷവുമായി ചര്‍ച്ചക്ക് തയ്യാറായേക്കുമെന്നും സൂചനയുണ്ട്. പരിയാരം മെഡിക്കല്‍ കൊളേജിലെ ഫീസ് കുറക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ ഉണ്ടായാല്‍ പ്രതിപക്ഷം സമരം പിന്‍വലിക്കാനും സാധ്യതയുണ്ട്.
അതേസമയം, നിരാഹാര സമരമിരിക്കുന്ന എംഎല്‍എമാരുടെ ആരോഗ്യനില മോശമായി. ഷാഫി പറമ്പിലിനേയും ഹൈബി ഈഡനേയും ആശുപത്രിയിലേക്ക് മാറ്റിയേക്കും. ഇവര്‍ക്കു പകരം മൂന്ന് എംഎല്‍എമാര്‍ നിരാഹാരമിരിക്കും. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലായിരിക്കും. ആരോഗ്യ സ്ഥിതി മോശമായതിനെത്തുടര്‍ന്ന് പിറവം എംഎല്‍എ അനൂബ് ജേക്കബിനെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാനിന് പ്രതികൂലമായുള്ള വിഎസിന്റെ പ്രസ്താവന ഇന്നലെയാണുണ്ടായത്. സ്വാശ്രയ സമരത്തോടുള്ള സര്‍ക്കാരിന്റെ സമീപനം തെറ്റാണെന്ന് വിഎസ് പറഞ്ഞിരുന്നു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും അഞ്ചു ദിവസമായി തുടരുന്ന യുഡിഎഫ് എംഎല്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്നും വിഎസ് പറഞ്ഞിരുന്നു. സഭയില്‍ നിരാഹാരം നടത്തുന്ന എംഎല്‍എമാരെ കഴിഞ്ഞ ദിവസം വിഎസ് സന്ദര്‍ശിച്ചിരുന്നു.
Discussion about this post