തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനത്തില്‍ ബന്ധുക്കളെ നിയമിച്ചതുമായി ബന്ധപ്പെട്ടു ഫിഷറീസ് മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മയും വിവാദത്തില്‍. മേഴ്സിക്കുട്ടിയമ്മയുടെ ബന്ധുവായ സേവ്യറിനെ കശുവണ്ടി വികസന കോര്‍പറേഷനിലും മറ്റൊരു ബന്ധു ലോറന്‍സ് ഹറോള്ഡിനെ മത്സ്യഫെഡിലും പരിചയക്കാരനായ രാജേഷിനെ കാപെക്സിലുമാണ് (കാഷ്യൂ വര്‍ക്കേഴ്സ് അപക്സ് ഇന്‍ഡസ്ട്രിയല്‍ കോ ഓപ്പറേറീവ് സൊസൈറ്റി) നിയമിച്ചത്. ഇതില്‍ രാജേഷ് കശുവണ്ടി വാങ്ങിയതുമായി ബന്ധപ്പെട്ടു വിജിലന്‍സ് അന്വേഷണം നേരിടുന്ന ആളാണ്.
അതേസമയം, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി നേടിയ സിപിഎം നേതാക്കളുടെ മക്കളില്‍ പലരും ജോലിയില്‍ പ്രവേശിച്ചിരുന്നതായി വ്യക്തമായി. മുന്‍ മുഖ്യമന്ത്രി നായനാരുടെ ചെറുമകനെ കിന്‍ഫ്ര വിഡിയോ പാര്‍ക്കിന്റെ തലപ്പത്തു നിയമിച്ചുകൊണ്ട് കഴിഞ്ഞ മാസം 29 ന് ഉത്തരവു പുറത്തിറങ്ങി. മൂന്നാം തീയതി ജോലിയില്‍ പ്രവേശിച്ചതായും സ്ഥാപനത്തിലെ രേഖകള്‍ വ്യക്തമാക്കുന്നു. പിന്നീട്, വിവാദമായതോടെ ഉത്തരവു പിന്‍വലിച്ചു. മെഴ്സിക്കുട്ടിയമ്മയുടെ ഭര്‍ത്താവ് ബി. തുളസീധരക്കുറുപ്പ് 2010-ല്‍ കാപെക്സ് ചെയര്‍മാനായിരിക്കെയാണ് എംഡിയായി രാജേഷിനെ നിയമിച്ചത്. 2010 നവംബറില്‍ കശുവണ്ടി വികസന കോര്പറേഷന് ഒരു മെട്രിക് ടണ്ണിന് 1700 ഡോളര്‍ എന്ന കണക്കില്‍ കശുവണ്ടി പുറത്തുനിന്നു വാങ്ങിയപ്പോള്‍ ഒരു മെട്രിക് ടണ്ണിന് 1885 ഡോളര്‍ എന്ന കണക്കിലാണ് കാപെക്സ് കശുവണ്ടി വാങ്ങിയത്. ഇങ്ങനെ 2000 മെട്രിക് ടണ്‍ വാങ്ങി. വന്‍വില കൊടുത്തു കശുവണ്ടി വാങ്ങിയതിനെതുടര്‍ന്ന് റിയാബ് സെക്രട്ടറിയായിരുന്ന പത്മകുമാര്‍ വിജിലന്‍സ് അന്വേഷണത്തിനു നിര്‍ദേശം നല്കി. ഈ അന്വേഷണം നടക്കുമ്പോഴാണു രാജേഷിനെ വീണ്ടും കാപെക്സില്‍ നിയമിച്ചത്.
എസ്ഐ ആയി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച സേവ്യര്‍ പിന്നീടു ഡിവൈഎസ്പിയായും എസ്പിയായും ഉയര്‍ത്തപ്പെട്ടു. പൊലീസിലിരിക്കെ നിരവധി കൈക്കൂലി ആരോപണങ്ങള്‍ ഉയരുകയും വകുപ്പുതല അന്വേഷണം നേരിടുകയും ചെയ്ത ഉദ്യോഗസ്ഥനാണ് സേവ്യര്‍. ഈ മാസം 17 ന് രാജേഷും സേവ്യറും ഉള്‍പ്പെടുന്ന സംഘം തോട്ടണ്ടി വാങ്ങാനായി താന്സാനിയയിലേക്കു പോകാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തു മെഴ്സിക്കുട്ടിയമ്മ മത്സ്യഫെഡിന്റെ തലപ്പത്തുണ്ടായിരുന്നപ്പോഴാണ് ബന്ധുവായ ലോറന്‍സിനെ സ്ഥാപനത്തില്‍ നിയമിച്ചത്. ഇപ്പോള്‍ വീണ്ടും ഇടതുസര്‍ക്കാര്‍ അധികാരത്തില്‍വന്നപ്പോള്‍ ലോറന്‍സിനെ ഉന്നതപദവിയിലേക്ക് ഉയര്‍ത്തുകയായിരുന്നു.
അനധികൃത നിയമനങ്ങള്‍ക്കെതിരെ ഒരുകൂട്ടം ജീവനക്കാരും നിയമനടപടിക്കൊരുങ്ങുകയാണ്. പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post