ഡല്‍ഹി: സൗമ്യവധക്കേസിലെ പുനഃപരിശോധനാ ഹര്‍ജിയില്‍ ഇന്നു സുപ്രീം കോടതിയില്‍ നിര്‍ണായക വാദം. പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതിനെതിരേ സൗമ്യയുടെ അമ്മയും സംസ്ഥാന സര്‍ക്കാരും നല്കിയ പുനഃപരിശോധനാ ഹര്‍ജിയിലാണ് ഇന്നു വാദം തുടരുന്നത്. ഉച്ചയ്ക്കു മൂന്നിനു ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് തുറന്ന കോടതിയിലാണു വാദം കേള്‍ക്കുന്നത്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഇന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി ഹാജരാകും.
കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന് കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വാദം ഇന്നത്തേക്കു മാറ്റിയത്. കേസില്‍ പ്രോസിക്യൂഷനു ഗുരുതര വീഴ്ച സംഭവിച്ചതായി പുനഃപരിശോധനാ ഹര്‍ജിയിലെ വാദത്തിനിടെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് അറ്റോര്‍ണി ജനറലിനെത്തന്നെ സംസ്ഥാന സര്‍ക്കാര്‍ വാദത്തിനു ചുമതലപ്പെടുത്തിയത്.
കേസ് അന്വേഷിച്ച എ.ഡി.ജി.പി: ബി. സന്ധ്യയും സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള അഭിഭാഷകരും അറ്റോര്‍ണി ജനറലുമായി ചര്‍ച്ച നടത്തി കേസിന്റെ വിശദാംശങ്ങള്‍ വിവരിച്ചു. സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും തമ്മിലുള്ള പൊരുത്തമില്ലായ്മ ചൂണ്ടിക്കാണിച്ചാണ് സുപ്രീംകോടതി ഗോവിന്ദച്ചാമിയുടെ കൊലക്കുറ്റം റദ്ദാക്കിയത്. സൗമ്യയുടെ മരണത്തിനു കാരണമായ രണ്ടാമത്തെ മുറിവ് ഗോവിന്ദച്ചാമി ഏല്‍പ്പിച്ചതാണെന്നും അതിനാല്‍ സൗമ്യയുടെ മരണശേഷം കൊലക്കുറ്റം ചുമത്താവുന്നതാണെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.
ഇതിനായി ശാസ്ത്രീയ തെളിവുകളാണ് പ്രോസിക്യൂഷന് ഹാജരാക്കിയത്. എന്നാല്‍ ഈ മുറിവുമായി ബന്ധപ്പെട്ട് കേസിലെ 4, 40 സാക്ഷികളുടെ മൊഴിയാണു തിരിച്ചടിയായത്. തെളിവുനിയമം ആറാം വകുപ്പ് പ്രകാരം സാക്ഷിമൊഴിക്കാണു പ്രാധാന്യമെന്നു സുപ്രീം കോടതി ചൂണ്ടികാട്ടി. നൂറ്റിയൊന്ന് ശതമാനം ഉറപ്പുവരുത്തി മാത്രമേ വധശിക്ഷ നല്കാന് സാധിക്കുകയുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, പിഴവ് ബോധ്യപ്പെടുത്തുന്നപക്ഷം തിരുത്താന്‍ തയാറാണെന്നു വ്യക്തമാക്കിയിട്ടുമുണ്ട്. കേസിന്റെ പ്രാധാന്യം കണക്കിലെടുത്താണ് പുനഃപരിശോധനാ ഹര്‍ജി തുറന്ന കോടതിയില്‍ വാദത്തിനെടുക്കാന്‍ സുപ്രീം കോടതി തയാറായത്.
Discussion about this post