കൊച്ചി: സിപിഎം നേതാവ് സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. യുവ വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിലാണ് കോടതി നടപടി.
കഴിഞ്ഞ ദിവസം സക്കീറിന്റെ ജാമ്യാപേക്ഷയെ കോടതിയില്‍ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. സക്കീറിന് ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന് വാദിച്ചു. ഇത് പരിഗണിച്ച കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. സക്കീര്‍ ഹുസൈന് ഇപ്പോള്‍ ഒളിവിലാണെന്നാണ് പോലീസ് നല്കുന്ന സൂചന. സക്കീറിനായി ശക്തമായ തെരച്ചിലാണ് പോലീസ് നടത്തുന്നത്. കളമശേരിയില്‍ തന്നെ സക്കീറുണ്ടെന്ന വിവരങ്ങളും പോലീസിന് കിട്ടിയിട്ടുണ്ട്. സക്കീര്‍ ഇന്നു തന്നെ കോടതിക്ക് മുന്നിലോ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിലോ ഹാജരാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.
സക്കീര്‍ ഹുസൈന് മുന്‍കൂര്‍ ജാമ്യം നല്‍കരുത് എന്നാണ് എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന് വാദിച്ചത്. 16 കേസുകളാണ് സക്കീര്‍ ഹുസൈനെതിരെ ഉള്ളത്. അതില്‍ രാഷ്ട്രീയ കേസുകള്‍ കുറവാണെന്നും സര്‍ക്കാര്‍ അഭിഭാഷകന് വാദിച്ചു. എന്തിനാണ് രാഷ്ട്രീയക്കാരന് ഗുണ്ടാ ബന്ധം എന്ന് പോലും സര്‍ക്കാര്‍ അഭിഭാഷകന് ചോദിച്ചു. അതിനാല്‍ ഒരു കാര്യം വ്യക്തമാണ്, സക്കീര്‍ ഹുസൈനെ രക്ഷിക്കാന്‍ സര്‍ക്കാരിന് ഒരു താത്പര്യവും ഇല്ല. സക്കീറിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യണം എന്നും സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ വാദിച്ചിരുന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് യോഗം സക്കീറിനെ കളമശേരി ഏരിയാ കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു.
Discussion about this post