തിരുവനന്തപുരം : കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ബന്ധു നിയമനങ്ങളില്‍ ത്വരിതാന്വേഷണം നടത്തണമെന്ന് വിജിലന്‍സ് കോടതി ഉത്തരവിട്ടു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം പത്തുപേര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. മുന്‍ സര്‍ക്കാരിന്റെ കാലത്തെ 14 നിയമനങ്ങളുമായി ബന്ധപ്പെട്ടുളള ഹര്‍ജി പരിഗണിച്ചാണ് കോടതി വിജിലന്‍സിന്റെ ത്വരിതാന്വേഷണം പ്രഖ്യാപിച്ചത്.
കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന രമേശ് ചെന്നിത്തല, അനൂപ് ജേക്കബ്, വിഎസ് ശിവകുമാര്‍, കെ.സി ജോസഫ്, കെ.എം മാണി, പി.കെ ജയലക്ഷ്മി, എംഎല്‍എമാരായിരുന്ന എം.പി വിന്‍സെന്റ്, ആര്.ശെല്‍വരാജ് എന്നിങ്ങനെ ഒമ്പതുപേര്‍ക്കെതിരെയാണ് പ്രാഥമിക പരിശോധന.
ഫെബ്രുവരി ആറിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കി. ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് എല്‍ഡിഎഫ് മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഇ.പി ജയരാജന് മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ഈ വിവാദം ഉയര്‍ന്ന സമയത്ത് തന്നെയാണ് യുഡിഎഫ് ഭരണകാലത്തെ ബന്ധു നിയമനങ്ങളും അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നത്.
Discussion about this post