ഹൈദരാബാദ്: ഹൈദരാബാദിലെ ഇന്ത്യയ്ക്കെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലദേശിന് 459 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സിന് ഏകദിന മല്‍സരത്തിന്റെ ഗതിവേഗം സമ്മാനിച്ച ഇന്ത്യ, നാലു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തതോടെയാണ് ബംഗ്ലദേശിന് മുന്നില്‍ 459 റണ്‍സ് വിജയലക്ഷ്യം ഉയര്‍ന്നത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ ആറു റണ്‍സെന്ന നിലയിലാണ് ബംഗ്ലദേശ്. തമിം ഇഖ്ബാല്‍ (ഒന്ന്), സൗമ്യ സര്‍ക്കാര്‍ (അഞ്ച്) എന്നിവരാണ് ക്രീസില്‍. നാലാം ദിനമായ ഇന്നത്തെ അവസാന സെഷനും അവസാന ദിനം മുഴുവനും അവശേഷിക്കെ വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ മുന്നേറ്റം.
നാലാം ദിനമായ ഇന്ന് ബംഗ്ലദേശിനെ 388 റണ്‍സിന് പുറത്താക്കിയ ഇന്ത്യ, എതിരാളികളെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്സില്‍ അതിവേഗം റണ്‍സ് കണ്ടെത്തി അവരെ ബാറ്റിങ്ങിന് വിടുകയായിരുന്നു. രണ്ടാം ഇന്നിങ്സില്‍ 29 ഓവര്‍ മാത്രം ബാറ്റു ചെയ്താണ് ഇന്ത്യ 159 റണ്‍സ് നേടിയത്. അതിവേഗം സ്കോര്‍ ചെയ്യാനുള്ള ശ്രമത്തില്‍ നാലു വിക്കറ്റുകള്‍ നഷ്ടമാക്കിയെങ്കിലും അര്‍ധസെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാരയുടെ മികവില്‍ ഇന്ത്യ ഉദ്ദേശിച്ച സ്കോറിലേക്കെത്തി.
58 പന്തുകള്‍ നേരിട്ട പൂജാര, ആറു ബൗണ്ടറിയും ഒരു സിക്സുമുള്‍പ്പെടെ 54 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ വിരാട് കോഹ്ലി (40 പന്തില്‍ 38), അജിങ്ക്യ രഹാനെ (35 പന്തില്‍ 28), രവീന്ദ്ര ജഡേജ (10 പന്തില്‍ പുറത്താകാതെ 16) എന്നിവര്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ചു. ഓപ്പണര്‍മാരായ മുരളി വിജയ് (14 പന്തില്‍ ഏഴ്), ലോകേഷ് രാഹുല്‍ (17 പന്തില്‍ 10) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.
നേരത്തെ, സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ മുഷ്ഫിഖുര്‍ റഹീമിന്റെ മികവിലാണ് ബംഗ്ലദേശ് ഭേദപ്പെട്ട സ്കോര്‍ സ്വന്തമാക്കിയത്.
അവസരോചിതമായി ബാറ്റുവീശിയ മുഷ്ഫിഖുര്‍, 262 പന്തില്‍ 16 ബൗണ്ടറിയും രണ്ടു സിക്സുമുള്‍പ്പെടെ 127 റണ്‍സെടുത്തു. ഇന്ത്യയ്ക്കായി ഉമേഷ് യാദവ് മൂന്നും അശ്വിന്, ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റും വീഴ്ത്തി. മുഷ്ഫിഖുര്‍ റഹീമിന്റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറിക്കു പുറമെ, മെഹദി ഹസന് (51), ഷാക്കിബ് അല്‍ ഹസന് (82) എന്നിവരുടെ പ്രകടനവും ബംഗ്ലദേശിന്റെ ഇന്നിങ്സില്‍ നിര്‍ണായകമായി. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 250 വിക്കറ്റ് സ്വന്തമാക്കുന്ന താരമായി ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന് മാറുന്നതിനും സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. 45-ാം ടെസ്റ്റിലാണ് അശ്വിന്റെ ചരിത്രനേട്ടം. 48-ാം ടെസ്റ്റില്‍ 250 വിക്കറ്റ് നേട്ടം പിന്നിട്ട മുന്‍ ഓസ്ട്രേലിയന്‍ താരം ഡെന്നിസ് ലിലിയുടെ റെക്കോര്‍ഡാണ് അശ്വിന് മറികടന്നത്.
Discussion about this post