കൊച്ചി: രാഷ്ട്രീയ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുന്നവര്‍ എന്നും സുരക്ഷിതരാണെന്നും താഴേത്തട്ടിലെ സാധാരണ പ്രവര്‍ത്തകരാണ് ഇരകളാകുന്നതെന്നും ഹൈക്കോടതി. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ഇരകളെ രക്തസാക്ഷികളെന്നു പാര്‍ട്ടികള്‍ വിശേഷിപ്പിച്ചേക്കാം. ഇത്തരം പ്രാകൃതനടപടികളുടെ ബുദ്ധികേന്ദ്രങ്ങള്‍ സുരക്ഷിതരായി ഉന്നതങ്ങളില്‍ നിന്ന് രക്തസാക്ഷി ദിനങ്ങള്‍ ആചരിച്ചു മുതലക്കണ്ണീരൊഴുക്കുകയാണെന്നു കോടതി പറഞ്ഞു. തലശേരി പാനൂരില്‍ സിപിഎം പ്രവര്‍ത്തകനായ അരീക്കല്‍ അശോകനെ കൊലപ്പെടുത്തിയ കേസില്‍ നാല് ബിജെപി/ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ശിക്ഷ റദ്ദാക്കിയ വിധിയിലാണു ഡിവിഷന് ബെഞ്ചിന്റെ പരാമര്‍ശം.
”മനുഷ്യജീവനു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ അത്രപോലും വിലയില്ലെന്നാണ്, സംസ്ഥാനത്തു ചിലയിടങ്ങളില്‍ പ്രത്യേകിച്ചും വടക്കന്‍ ജില്ലകളില്‍ ആവര്‍ത്തിക്കുന്ന രാഷ്ട്രീയ അക്രമങ്ങള്‍ വ്യക്തമാക്കുന്നത്. ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ചു രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കു മുതിരുന്നതു കാടത്തമാണ്. ഒട്ടേറെ പാര്‍ട്ടികളുള്ള ജനാധിപത്യ വ്യവസ്ഥിതിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. അതു മറന്നുകൊണ്ടു രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കുന്ന പ്രവണതയാണുള്ളത്. മാനവരാശിയുടെ പുരോഗതിക്കും ക്ഷേമത്തിനും വേണ്ടിയാണ് ഏതൊരു പ്രത്യയശാസ്ത്രവും നിലകൊള്ളുന്നതെന്ന് അനുഭാവികള്‍ മറന്നുപോകുന്നു”, കോടതി ഉത്തരവില്‍ വ്യക്തമാക്കി. രാഷ്ട്രീയ ക്രൂരതയുടെ മറ്റൊരു ചിത്രമാണിത്. എന്നാല്‍, അപര്യാപ്തമായ അന്വേഷണവും തെറ്റായ പ്രോസിക്യൂഷനും മൂലം രാഷ്ട്രീയ കൊലപാതക പരമ്പരയിലെ ഒരു ഇരയ്ക്കു കൂടി നീതി കിട്ടാതെ പോകുകയാണെന്നും കോടതി പറഞ്ഞു. ക്രിമിനല്‍ കേസ് വിചാരണയില്‍ അങ്ങേയറ്റം നിയമവിരുദ്ധമായ നടപടിയാണ് സെഷന്‍സ് കോടതിയുടെ ഭാഗത്തു നിന്നുണ്ടായതെന്നു കോടതി കുറ്റപ്പെടുത്തി. വിചാരണയില്‍ തെളിയിക്കപ്പെടാത്ത, കേസ് ഡയറിയിലെ സാക്ഷി മൊഴി കണക്കിലെടുത്താണു പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടത്. തെളിവെടുപ്പിനിടെ സാക്ഷികള്‍ ഈ മൊഴി മാറ്റിപ്പറഞ്ഞിട്ടും സെഷന്‍സ് ജഡ്ജി ആ മൊഴി തന്നെ കണക്കിലെടുത്തു. സത്യം അറിയണമെന്നുണ്ടെങ്കില്‍ സാക്ഷികളെ ഏതു ഘട്ടത്തിലും കോടതിക്കു വിളിച്ചുവരുത്താമായിരുന്നു.
സബോര്‍ഡിനേറ്റ് ജുഡീഷ്യറിയിലെ മുതിര്‍ന്ന ഓഫിസറുടെ ഭാഗത്തു നിന്നു നിയമപരവും നീതി ലക്ഷ്യമിട്ടുള്ളതുമായ സമീപനം ഇല്ലാതെപോയതില്‍ ആശങ്കയുണ്ട്. വിധിപകര്‍പ്പ് ബന്ധപ്പെട്ട ജഡ്ജിക്ക് എത്തിച്ചു നല്‍കണമെന്നു കോടതി നിര്‍ദേശിച്ചു. ലഭ്യമായ തെളിവുകളെല്ലാം നിയമത്തിനു മുന്നിലെത്തിക്കാന്‍ അന്വേഷകര്‍ക്കു കഴിഞ്ഞില്ലെന്നും സംശയാതീതമായി കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടെന്നും കോടതി വ്യക്തമാക്കി. തലശേരി അഡീ. സെഷന്‍സ് കോടതി (അഡ്ഹോക്-2) യുടെ ശിക്ഷാ ഉത്തരവിനെതിരെ മൊട്ടമ്മല്‍ ഷാജി ഉള്‍പ്പെടെ പ്രതികള്‍ നല്കിയ അപ്പീല്‍ അനുവദിച്ചാണു കോടതി നടപടി.
കണ്ണൂരില്‍ വര്‍ഷങ്ങളായി രണ്ടു പാര്‍ട്ടികള്‍ തമ്മിലുള്ള പക തുടരുകയാണെന്നു കോടതി അഭിപ്രായപ്പെട്ടു.
Discussion about this post