ഡല്‍ഹി: ദേശീയ-സംസ്ഥാന പാതയോരത്തെ എല്ലാ മദ്യാശാലകളും പൂട്ടണമെന്ന് സുപ്രീം കോടതി. സ്റ്റാര്‍ ഹോട്ടലുകളിലെ മദ്യശാലകള്‍ക്കും വിധി ബാധകമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകള്‍ക്ക് സുപ്രീം കോടതി ഉത്തരവ് ബാധകമല്ലെന്ന നിയമോപദേശം സംസ്ഥാന സര്‍ക്കാരിന് നേരത്തെ ലഭിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച വ്യക്തതയാണ് സുപ്രീം കോടതി നല്‍കിയിരിക്കുന്നത്.
ദേശീയ സംസ്ഥാന പാതയോരത്തെ ബാറുകള്‍ പൂട്ടണമെന്ന സുപ്രീം കോടതി ഉത്തരവില്‍ വ്യക്തത ആവശ്യപ്പെട്ട് സംസ്ഥാനങ്ങളും സ്വകാര്യ വ്യക്തികളും സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. ജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്താണ് പാതയോരത്തുനിന്ന് 500 മീറ്റര്‍ പരിധിയിലുള്ള മദ്യശാലകള്‍ പൂട്ടണമെന്ന് ഉത്തരവിട്ടതെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍, ജസ്റ്റിസുമാരായ ചന്ദ്രചൂഢ്, എന്‍ നാഗേശ്വരറാവു എന്നിവരുള്‍പ്പെട്ട ബഞ്ച് കേസിന്റെ വിചാരണയ്ക്കിടെ വ്യക്തമാക്കിയിരുന്നു.
2016 ഡിസംബര്‍ 15ന് പുറപ്പെടുപ്പിച്ച ഉത്തരവില്‍ ഭേദഗതിയും ഇളവും ആവശ്യപ്പെട്ടാണ് നിരവധി സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചത്. മദ്യ ഉപഭോഗം കുറയ്ക്കുക, റോഡ് അപകടങ്ങള്‍ കുറയ്ക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചത്. ഏത് കാരണത്തിന്റെ പേരിലും ഈ ഉത്തരവില്‍ യാതൊരു വിധത്തിലമുള്ള ഇളവുമില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ്, ജെഎസ് കെഹാര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
അതേസമയം സിക്കിം, മേഖാലയ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ഈ ഉത്തരവില്‍ ഇളവ് നല്‍കിയിട്ടുണ്ട്. ബെവ്കോ ഔട്ട്ലെറ്റുകള് മാറ്റി സ്ഥാപിക്കാന്‍ എട്ട് മാസത്തെ സമയം വേണമെന്ന ആവശ്യവും കോടതി തള്ളി. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കമായ നാളിനുള്ളില്‍ ലൈസന്‍സ് കാലാവധി പൂര്‍ത്തിയാവുന്ന ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.
ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ നിരോധിച്ച ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ട് നല്കിയ ഹര്‍ജികളില്‍ സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. സുപ്രീംകോടതി ഉത്തരവ് പ്രകാരം മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാനുള്ള അവസാന ദിവസം ഇന്നാണ്. മദ്യശാലകള്‍ നിരോധിച്ചത് പൊതുജന ആരോഗ്യം മുന്‍നിര്‍ത്തിയാണെന്ന് ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ കോടതി പറഞ്ഞിരുന്നു. ഉത്തരവിലൂടെ മദ്യ നിരോധനമല്ല ഉദ്ദേശിച്ചതെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.
Discussion about this post