ഡല്‍ഹി: സൗമ്യ വധകേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരേ സംസ്ഥാന സർക്കാർ നൽകിയ തിരുത്തല്‍ ഹര്‍ജി കേള്‍ക്കുന്നത് സുപ്രിംകോടതിയുടെ ആറംഗ ബെഞ്ചിലേക്ക് മാറ്റി. ചീഫ് ജസറ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യാഴാഴ്ച ഹര്‍ജി പരിഗണിക്കും.
ഹർജി ചേംബറിൽവച്ചാണു പരിഗണിക്കുന്നതെങ്കിലും കേസ് പരിഗണിച്ച ബെഞ്ചിലെ മൂന്നു ജഡ്ജിമാർക്കൊപ്പം മുതിർന്ന രണ്ടു ജഡ്ജിമാർകൂടി ഉണ്ടാകുമെന്നതു സർക്കാരിനു പ്രതീക്ഷ നൽകുന്നു. ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍, ജസ്റ്റിസുമാരായ ദീപക് മിശ്ര , ജെ. ചലമെശ്വര്‍ എന്നിവര്‍ക്കൊപ്പം നേരത്തെ കേസില്‍ വിധി പ്രസ്ഥാപിച്ച രഞ്ജന്‍ ഗോഗോയി, പി.സി പന്ത് , യു.യു ലളിത് എന്നിവർ അടങ്ങുന്നതാണ് ബെഞ്ച്.
സൗമ്യയുടെ ശരീരത്തിലെ പ്രധാനപ്പെട്ട രണ്ടു മുറിവുകളിൽ ഒന്നിന്റെ ഉത്തരവാദി ഗോവിന്ദച്ചാമിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സൗമ്യയെ ഗോവിന്ദച്ചാമി മാനഭംഗപ്പെടുത്തിയതും കോടതി ശരിവച്ചിരുന്നു. എന്നാൽ, സൗമ്യ ട്രെയിനിൽനിന്നു വീണതു മൂലമുണ്ടായ മുറിവിന്റെ ഉത്തരവാദിത്വം ഗോവിന്ദച്ചാമിയിൽ ആരോപിക്കാൻ തെളിവില്ലെന്നാണ് കോടതി വിലയിരുത്തിയത്.
സർക്കാരിന്റേയും സൗമ്യയുടെ അമ്മയുടെയും പുനഃപരിശോധനാ ഹർജികൾ നവംബർ പതിനൊന്നിനു തള്ളിയിരുന്നു. ഇതേത്തുടർന്നാണു നിയമ സംവിധാനത്തിലെ അവസാന മാർഗമായ തിരുത്തൽ ഹർജി നൽകാൻ തീരുമാനിച്ചത്. അറ്റോർണി ജനറൽ മുകുൾ റോഹ്തഗിയായിരുന്നു സർക്കാരിന്റെ തിരുത്തൽ ഹർജി സാക്ഷ്യപ്പെടുത്തിയത്. കേസിൽ പരസ്യവാദം വേണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.
പുനഃപരിശോധനാ ഹർജി പരിഗണിച്ച വേളയിൽ ജസ്റ്റീസ് മാർക്കണ്ഡേയ കട്ജുവിനെ വിളിച്ചുവരുത്തി കോടതി വിശദീകരണം തേടിയിരുന്നു. കട്ജുവിനെതിരേ കോടതിയലക്ഷ്യ നടപടി ഉൾപ്പെടെ സ്വീകരിച്ചു. ഇത്തരം സംഭവങ്ങൾ കോടതിയുടെ ഭാഗത്തുനിന്നുണ്ടായപ്പോൾ സർക്കാരിന്റെ വാദങ്ങൾ കണക്കിലെടുത്തില്ലെന്നും ഹർജിയിലുണ്ട്.
Discussion about this post