ഡല്‍ഹി: സൗമ്യ വധക്കേസില്‍ സര്‍ക്കാരിന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി പരഗണിച്ചു. ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാർ അധ്യക്ഷനായ ആറംഗ ബെഞ്ചാണ് ചേംബറിൽവച്ച് ഹർജി പരിശോധിച്ചത്. കോടതി ഉത്തരവ് ഇന്ന് വൈകുന്നേരമോ വെള്ളിയാഴ്ചയോ ഇറങ്ങും.
ഗോവിന്ദച്ചാമിയുടെ ശിക്ഷ ജീവപര്യന്തമായി കുറച്ച സുപ്രീം കോടതി ഉത്തരവിനെതിരേ സംസ്ഥാന സർക്കാരും സൗമ്യയുടെ അമ്മയും നൽകിയ ഹർജി നേരത്തേ തുറന്ന കോടതിയിൽ വാദം കേട്ട് തള്ളിയിരുന്നു. കേസിൽ ആദ്യം വാദം കേട്ട ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തന്നെയാണ് പുനഃപരിശോധനാ ഹർജി പരിഗണിച്ചത്. മൂന്ന് ജഡ്ജിമാർ അടങ്ങിയ ബെഞ്ചാണ് തിരുത്തൽ ഹർജി പരിഗണിച്ചത്. തിരുത്തൽ ഹർജികൾ പരിഗണിക്കുന്ന ബെഞ്ചിൽ സുപ്രീം കോടതിയിലെ മൂന്ന് മുതിർന്ന ജഡ്ജിമാർകൂടി ഉൾപ്പെട്ടിരിക്കണമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റീസും മുതിർന്ന ജഡ്ജിമാരായ ദീപക് മിശ്രയെയും ജെ. ചെലമേശ്വറിനെയും ബെഞ്ചിൽ ഉൾപ്പെടുത്തിയത്.
ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ ഉത്തരവിൽ മാറ്റം വരുത്തേണ്ട ഒരു സാഹചര്യവുമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പുനഃപരിശോധന ഹർജികൾ തള്ളിയത്. സുപ്രീംകോടതിയുടെ ഉത്തരവിൽ ഗുരുതര പിഴവുണ്ടായി എന്നു ഫേസ്ബുക്കിൽ പോസ്റ്റിട്ട മുൻ ജഡ്ജി മാർക്കണ്ഡേയ കഡ്ജുവിനെ കോടതിയിൽ വിളിച്ചുവരുത്തി വാദം കേൾക്കുകയും കോടതിയലക്ഷ്യത്തിനു നടപടിയെടുക്കുകയും ചെയ്തതു സുപ്രീംകോടതിയുടെ ചരിത്രത്തിൽ വലിയ വിവാദത്തിനു ഇടയാക്കിയിരുന്നു.
കൊച്ചി- ഷൊർണൂർ പാസഞ്ചറിൽ യാത്ര ചെയ്തിരുന്ന സൗമ്യയെ മാനഭംഗപ്പെടുത്തിയതു ഗോവിന്ദച്ചാമിയാണെന്നു വ്യക്തമാണെങ്കിലും സൗമ്യയെ ട്രെയിനിൽനിന്നു തള്ളിത്താഴെയിട്ടതിനു തെളിവില്ലെന്നാണ് കോടതി വ്യക്തമാക്കിയിരുന്നത്. സൗമ്യക്കെതിരേ ട്രെയിനിനുള്ളിൽ ആക്രമണം ഉണ്ടായതായും അതിനു പിന്നാലെ സൗമ്യ ട്രെയിനിൽനിന്നു ചാടിരക്ഷപ്പെട്ടതായും ഒരു മധ്യവയസ്കൻ പറഞ്ഞതായി രണ്ടു സാക്ഷികൾ മൊഴി നൽകിയതു കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post