കൊച്ചി: ഉത്തരവാദിത്വങ്ങളില്‍ നിന്ന് പാര്‍ട്ടി ഒഴിവാക്കാത്തതിനാല്‍ ഗര്‍ഭം അലസിപ്പോയിട്ടുണ്ടെന്ന് ഗൗരിയമ്മ പറഞ്ഞിട്ടുണ്ടെന്ന് കെ. അജിത. സമകാലിക മലയാളം വാരികയില്‍ എഴുതുന്ന ആത്മകഥയുടെ രണ്ടാംഭാഗമായ ഓര്‍മ്മകളിലെ തീനാളങ്ങളിലാണ് അജിതയുടെ വെളിപ്പെടുത്തല്‍. ‘എന്റെ ഗൗരിയമ്മ പരീക്ഷണം’ എന്ന് പേരിട്ടിരിക്കുന്ന ഈയാഴ്ചത്തെ കുറിപ്പില്‍ മുഖ്യധാര രാഷ്ട്രീയത്തില്‍ നടത്തിയ പരീക്ഷണങ്ങളെക്കുറിച്ചാണ് അജിതയെഴുതുന്നത്.
സിപിഐഎമ്മിനകത്തെ ചില ചലനങ്ങളില്‍ തനിക്ക് താത്പര്യം തോന്നിയിരുന്ന ഒരു സന്ദര്‍ഭമായിരുന്നു 1994-ല്‍ പാര്‍ട്ടി കെ.ആര് ഗൗരിയമ്മയ്ക്കെതിരെ ആരംഭിച്ച അച്ചടക്ക നടപടികള്‍. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടി ചെറുപ്പകാലം മുതല്‍ തന്നെ ഏറെ ത്യാഗം ചെയ്തു പോരാടിയ, സ്വന്തം ജീവിതം പ്രസ്ഥാനത്തിന് സമര്‍പ്പിച്ച ഗൗരിയമ്മയെ ഞങ്ങളെപ്പോലുളളവര്‍ ഏറെ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നുവെന്ന് അജിത എഴുതുന്നു. തുടര്‍ന്നാണ് വെളിപ്പെടുത്തലുകള്‍. ഗൗരിയമ്മയുടെ ജീവചരിത്രമെഴുതാന്‍ ഇതിനിടയ്ക്ക് ശ്രമം നടത്തിയതിനെക്കുറിച്ചും അജിത ഓര്‍മ്മിക്കുന്നു. പ്രസ്ഥാനത്തിനു വേണ്ടി പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഭര്‍ത്താവ് ടിവി തോമസിനെ തളളിപ്പറയാന്‍ ഗൗരിയമ്മ തയ്യാറായ കാര്യവും അജിത ഓര്മ്മക്കുറിപ്പിലെഴുതുന്നു. അത്രത്തോളം അസാധാരണമായ പാര്‍ട്ടിക്കൂറുളള ഗൗരിയമ്മയെ ഒടുവില്‍ 1994 ജനുവരിയിലാണെന്ന് തോന്നുന്നു, പാര്‍ട്ടി പുറത്താക്കി.
അന്ന് കേരളത്തെ ഇടതുപക്ഷത്തെ എല്ലാക്കാലവും പിന്തുണച്ച സാധാരണ ജനങ്ങള്‍ക്കിടയിലും ഈ നടപടിക്കെതിരായ പ്രതിഷേധം ഒരു കൊടുങ്കാറ്റ് പോലെ ഉയര്‍ന്നുപൊങ്ങി. മറ്റൊരു ചരിത്രവും കൂടി ഇതോടൊപ്പം പറയാനുണ്ട്. 1987ലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ജയിച്ചാല്‍ ഗൗരിയമ്മയെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കുമെന്ന പ്രചരണം നടത്തി. അവസാനം ജയിച്ചപ്പോള്‍ ഇ.കെ നായനാരെ മുഖ്യമന്ത്രിയാക്കിയ ചരിത്രം അപ്പോഴേക്കും മറക്കാനായിരുന്നില്ലല്ലോ. സ്വാഭാവികമായും ഒരു രാഷ്ട്രീയ ജീവിയായ തന്നെയും അതു ബാധിച്ചെന്നും അജിത വ്യക്തമാക്കുന്നു.
അജിതയുടെ ഓര്‍മ്മക്കുറിപ്പില്‍ നിന്നും
ഗൗരിയമ്മ അവരുടെ ജീവചരിത്രത്തിന്റെ കുറച്ചുഭാഗങ്ങള്‍ പ്രസിദ്ധീകരിച്ച ദേശാഭിമാനി വാരികയുടെ കുറച്ചുലക്കങ്ങള്‍ എനിക്ക് തന്നു.ഒരു ദിവസം കാറിലിരുന്നുകൊണ്ട് ഗൗരിയമ്മയോട് ഞാനൊരു ചോദ്യം ചോദിച്ചു. ഒരിക്കലെങ്കിലും ഗൗരിയമ്മ ഗര്‍ഭം ധരിച്ചിരുന്നില്ലേ എന്ന്. അതിന് അവര്‍ തന്ന മറുപടി ഇന്നും എന്നെ വേദനിപ്പിക്കുന്നു. രണ്ടുതവണ താന്‍ ഗര്‍ഭിണിയായെന്നും എന്നാല്‍ ഉത്തരവാദിത്വങ്ങളില്‍നിന്ന് ഈ ശാരീരിക സ്ഥിതി പരിഗണിച്ച് കുറച്ചുസമയമെങ്കിലും അവരെ മാറ്റിനിര്‍ത്താന്‍ പാര്‍ട്ടി തയ്യാറായില്ലെന്നും അക്കാരണത്താല്‍ അതു രണ്ടും അലസിപ്പോയി എന്നുമാണ് അവര്‍ പറഞ്ഞത്. ഇന്ന് ഒരുപക്ഷേ, എന്നോട് പറഞ്ഞ ഈ രഹസ്യം അവര്‍ നിഷേധിച്ചേക്കാം.
Discussion about this post