ചെന്നൈ: ദേശീയ ഹരിത ട്രൈബ്യൂണൽ ദക്ഷിണേന്ത്യൻ ബെഞ്ചിന്റെ കർശന ഉപാധികൾ തൃശൂർ കാതിക്കുടത്തെ നിറ്റ ജലാറ്റിൻ കമ്പനി നടപ്പാക്കിയില്ലെന്നു മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട്. ജസ്റ്റിസ് ശശിധരൻ നമ്പ്യാർ, വിദഗ്ധ സമിതി അംഗം ഡോ. പി.എസ്. റാവു എന്നിവരടങ്ങിയ ബെഞ്ച് ഇൗ വർഷം ഫെബ്രുവരിയിൽ പുറപ്പെടുവിച്ച വിധിയിൽ 25 കർശന വ്യവസ്ഥകൾ ഘട്ടം ഘട്ടമായി നടപ്പാക്കണമെന്നു കമ്പനിയോട് നിർദേശിച്ചിരുന്നു.
കമ്പനിയുടെ പ്രവർത്തനം സംബന്ധിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനോട് ഓരോ മൂന്നുമാസവും റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഒരുമാസത്തിനകം പ്രാഥമിക റിപ്പോർട്ടു നൽകണമെന്ന നിർദേശം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും പാലിച്ചില്ല. കമ്പനിയിൽ നിന്ന് ചാലക്കുടി പുഴയിലേക്ക് തള്ളുന്ന മലിന ജലത്തിൽ രാസപദാർഥങ്ങളുടെ സാന്നിധ്യം കുറച്ച് കുടിവെള്ള ഉപയോഗം ഉറപ്പുവരുത്താൻ മലിനീകരണ നിയന്ത്രണ നിയമത്തിൽ മാറ്റം വരുത്തുമെന്നു ബോർഡ് കോടതിക്ക് ഉറപ്പുനൽകി. മലിനീകരണം സംബന്ധിച്ച അളവുകോൽ ഉടൻ ഭേദഗതി ചെയ്യണമെന്ന് കോടതി മലിനീകരണ നിയന്ത്രണ ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, പുനഃപരിശോധന ഹരജി നൽകിയ സാഹചര്യത്തിൽ കോടതി നിർദേശങ്ങൾ നടപ്പാക്കാൻ സാവകാശം ഉണ്ടെന്ന വാദത്തിലാണ് നിറ്റ ജലാറ്റിൽ കമ്പനി അധികൃതർ. കമ്പനിയുടെ പ്രവർത്തനം തുടർന്നുകൊണ്ടുതന്നെ ഉപാധികൾ നടപ്പാക്കിയാൽ മതിയെന്നാണ് കോടതി ഉത്തരവ്. മേൽക്കോടതിയിൽനിന്ന് നിരോധന ഉത്തരവ് സമ്പാദിക്കുന്നത് തടയാനാണ് കോടതി സമയക്രമം വെച്ചത്.
Discussion about this post