ലഖ്നൗ: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നാലും നേടി ബിജെപി അധികാരത്തിലെത്തിയതോടെ ആര്‍എസ്എസില്‍ അംഗത്വമെടുക്കാന്‍ തിരക്ക് കൂടി. അംഗത്വമെടുക്കാന്‍ ഓണ്‍ലൈനായി അപേക്ഷിക്കുന്നവരുടെ എണ്ണമാണ് വളരയധികം വര്‍ധിച്ചത്.
2017 ജനുവരി മുതല്‍ 7256 അപേക്ഷകളാണ് ആര്‍എസ്എസ് വെബ്സൈറ്റില്‍ വന്നത്. മാര്‍ച്ച് മാസമായപ്പോഴേക്കും അപേക്ഷകരുടെ എണ്ണം 27,871 പേരായി വര്‍ധിച്ചു. സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്ന സമയമായിരുന്നു മാര്‍ച്ച്.
2014 ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിലും ഇതേ സാഹചര്യമുണ്ടായി. ശരാശരി ഒരുമാസം 7530 അപേക്ഷകള്‍ വന്നിരുന്ന സ്ഥാനത്ത് 2014 മെയ് മാസത്തില്‍ ബിജെപി അധികാരത്തില്‍ വന്നസമയത്ത് 16,926 ആയി വര്‍ധിച്ചിരുന്നു. അതേസമയം 2012 മുതലാണ് ആര്‍എസ്എസ് ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങിയത്. 2013-ല്‍ ശരാശരി ഒരു മാസം 2400 അപേക്ഷകളായിരുന്നത് 2015-ല്‍ 6990 ആയും 2016-ല്‍ 7236 ആയും വര്‍ധിച്ചു.
ബിജെപിയുടെ വിജയവും അപേക്ഷകരുടെ എണ്ണം വര്‍ധിക്കുന്നതും തമ്മില്‍ ബന്ധമില്ലെന്ന് ആര്‍എസ്എസ് മാധ്യമവിഭാഗം മേധാവി മന്മോഹന് വൈദ്യ പറഞ്ഞു. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന കേരളത്തിലാണ് സംഘപരിവാറിന് ഏറ്റവും കൂടുതല്‍ ശാഖകളുള്ളത്. എന്നാല്‍ കേരളത്തില്‍ ബിജെപി ചുരുക്കം ചില സ്ഥലങ്ങളില്‍ മാത്രമാണ് അധികാരത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും ഉള്‍പ്പെടുന്നു. ബംഗാളില്‍ 2011-ല്‍ 580 ശാഖകളുണ്ടായിരുന്നത് ഇപ്പോള്‍ 1500 ആയി വര്‍ധിച്ചു.
Discussion about this post