ഡെര്‍ബി: വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ. അഞ്ച് പാക് വിക്കറ്റുകള്‍ എറിഞ്ഞിട്ട എക്ത ബിഷ്താണ് ഇന്ത്യക്ക് 95 റണ്‍സ് വിജയമൊരുക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന് 38.1 ഓവറില്‍ 74 റണ്‍സിന് പുറത്തായി. സ്കോര്‍: ഇന്ത്യ-169/9 (50 ov),പാക്കിസ്ഥാന്-74 (38.1 ov). 10 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ബിഷ്താണ് ഇന്ത്യക്ക് ഗംഭീര വിജയമൊരുക്കിയത്. മൂന്നു പേരെ സംപൂജ്യരാക്കിയാണ് ബിഷ്ത് പറഞ്ഞയട്ടത്.
ഓപ്പണര്‍ പുനം റൗത്തിന്റെയും (47) വിക്കറ്റ് കീപ്പര്‍ സുഷ്മ വര്‍മയുടെ (33) ബാറ്റിംഗാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍ നല്‍കിയത്. ഇവരെ കൂടാതെ ദീപ്തി ശര്‍മയും (28) ഭേദപ്പെട്ട പ്രകടനം നടത്തി. ഇന്ത്യന്‍ ക്യാപ്റ്റന്‍ മിഥാലി രാജിനെ (8) ഉള്‍പ്പെടെ നാലു വിക്കറ്റ് വീഴ്ത്തിയ നാഷ്ര സന്ധുവാണ് പാക്കിസ്ഥാന് ചെറിയ വിജയലക്ഷ്യമൊരുക്കിയത്.
അതേസമയം മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാക്കിസ്ഥാന് ഒരു ഘട്ടത്തില്‍പോലും തിരിച്ചടിക്കാന്‍ ഇന്ത്യ അവസരം ഒരുക്കിയില്ല. ഓപ്പണര്‍ നഹിദ ഖാനും (23) ക്യാപ്റ്റന്‍ സന മിറും മാത്രമാണ് ചെറുത്തുനില്ക്കാന് ശ്രമിച്ചത്. സന അവസാന വിക്കറ്റ് വീഴുംവരെ പുറത്താകാതെ ഒരറ്റത്ത് ഉറച്ചുനിന്നെങ്കിലും വിജയത്തിന് അതുമതിയാകുമായിരുന്നില്ല. പാക് നിരയില്‍ നഹിദ ഖാനും സനയും മാത്രമാണ് രണ്ടക്കം കടന്നത്.
ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. ആദ്യ മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ 35 റണ്‍സിനും രണ്ടാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ ഏഴ് വിക്കറ്റിനും ഇന്ത്യ മുട്ടുകുത്തിച്ചിരുന്നു.
Discussion about this post