ജറുസലേം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹുവിന് ഉപഹാരമായി നല്‍കിയത് കേരളത്തില്‍ നിന്നുള്ള ചരിത്ര ശേഷിപ്പുകള്‍. ഇന്ത്യയിലെ ജൂത പാരമ്പര്യത്തിന്റെ സ്മാരകമായാണ് കേരളത്തിലെ ജൂത പാരമ്പര്യം വെളിവാക്കുന്ന സുപ്രധാന ചരിത്ര രേഖകളുടെ പകര്‍പ്പുകള്‍ കൈമാറിയത്.
9-10 നൂറ്റാണ്ടുകളില്‍ എഴുതപ്പെട്ട രണ്ട് ചെമ്പു തകിടുകളുടെ പകര്‍പ്പുകളും ഉപഹാരമായി നല്കിയവയില് ഉള്‍പ്പെടുന്നതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
കേരളത്തിലെ ജൂതന്മാരില് പ്രമുഖനായിരുന്ന ജോസഫ് റബ്ബാന് രാജാവായിരുന്ന ചേരമാന്‍ പെരുമാള്‍ (ഭാസ്കര രവിവര്‍മ) നല്കിയ വിശേഷാധികാരങ്ങളും അവകാശങ്ങളും സംബന്ധിച്ച ശാസനമാണ് ഈ ലിഖിതങ്ങളില്‍ ഒന്ന്. ജൂതശാസനം എന്നറിയപ്പെടുന്ന ഇവ കൊച്ചിയിലെ ജൂത പാരമ്പര്യത്തിന്റെ അമൂല്യ സ്മാരകങ്ങളും ചരിത്ര രേഖകളുമാണ്. മട്ടാഞ്ചേരി ജൂതപ്പള്ളിയിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്.
ജൂതന്മാര്ക്ക് ഇന്ത്യയുമായുണ്ടായിരുന്ന പ്രാചീന കച്ചവട ബന്ധത്തിന്റെ ഏറ്റവും പഴക്കമുള്ള രേഖയാണ് രണ്ടാമത്തെ ചെമ്പു തകിടിലുള്ള ലിഖിതം. ജൂത ആരാധനാലയത്തിന് ഭൂമിയും നികുതി ഇളവുകളും അനുവദിച്ചുകൊണ്ടുള്ള രാജാവിന്റെ ഉത്തരവാണ് ഇതിലുള്ളത്.
ചെമ്പു തകിടുകള്‍ കൂടാതെ, കൊച്ചിയിലെ ജൂത സമൂഹം നല്കിയ ജൂതരുടെ വിശുദ്ധ ഗ്രന്ഥമായ തോറയും പുരാതനമായ ഒരു സ്വര്‍ണ കിരീടവും പ്രധാനമന്ത്രി നെതന്യാഹുവിന് കൈമാറി.
ഇന്ത്യയിലെ ജൂതന്മാര് നൂറ്റാണ്ടുകളോളം അധിവസിച്ചിരുന്ന പ്രദേശമായിരുന്നു കൊടുങ്ങല്ലൂര്‍. പിന്നീട് ഇവര്‍ കൊച്ചിയിലേയ്ക്ക് നീങ്ങുകയും കൊച്ചി ഒരു പ്രധാന ജൂത കേന്ദ്രമായി മാറുകയും ചെയ്തു. കൊച്ചിയിലെ ജൂതപ്പള്ളിയുടെയും (പരദേശി സിനഗോഗ്) തിരുവല്ലയിലെ മലങ്കര മാര്‍ത്തോമ സിറിയന്‍ പള്ളിയുടെയും സഹായത്തോടെയാണ് ജൂതശാസനത്തിന്റെ പകര്‍പ്പ് തയ്യാറാക്കിയത്.
In addition, Prime Minister @narendramodi also presented PM @netanyahu a Torah scroll donated by the Paradesi Jewish community in Kerala. pic.twitter.com/xCDKBL2s3g
— PMO India (@PMOIndia) July 4, 2017
Discussion about this post