ആലപ്പുഴ: വേമ്പനാട്ട് കായലിനോട് ചേര്‍ന്നുള്ള കൃഷിനിലമായ മാര്‍ത്താണ്ഡം കായലില്‍ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി ഗതാഗത മന്ത്രി തോമസ് ചാണ്ടി കയ്യേറിയ സംഭവത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്. ദേശീയപതാകയ്ക്ക് മേല്‍ താമരപ്പു വെച്ചാണ് ദേശീയ പതാക ഉയര്‍ത്തിയ വിവാദത്തില്‍ പരിശോധിച്ച ശേഷം മറുപടി പറയാമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
അതേസമയം, കായല്‍ കയ്യേറിയെന്നതടക്കം തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി ആവശ്യപ്പെട്ടു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാളെ ഹൈക്കോടതിയെ സമീപിക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു. ഈ കാര്യത്തില്‍ പിന്നീട് പ്രതികരിക്കാമെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടി.
ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് പോകാന്‍ രണ്ട് എംപിമാരുടെ ഫണ്ട് ഉപയോഗിച്ച് തോമസ് ചാണ്ടി അനധികൃതമായി റോഡ് നിര്‍മ്മിച്ചെന്നും കായല്‍ നികത്തിയെന്നുമുള്ള വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തുവന്നത്. മാര്‍ത്താണ്ഡം കായലില്‍ മിച്ചഭൂമിയായി കര്‍ഷക തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഏക്കര്‍ കണക്കിന് ഭൂമിയാണ് ലേക് പാലസ് റിസോര്‍ട്ട് കമ്പനിയായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുടെ പേരില്‍ മന്ത്രി തോമസ് ചാണ്ടിയും മകനും വാങ്ങിക്കൂട്ടി നികത്തുന്നതെന്നായിരുന്നു ആരോപണം. ഈ വാര്‍ത്തയ്ക്ക് പിന്നാലെ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു.
കര്‍ഷകര്‍ക്ക് താമസിക്കാനായി മിച്ച ഭൂമിയായി കിട്ടിയ കായലില്‍ നിന്നും 17 മീറ്റര്‍ വരെ ദൂരത്തില്‍ നികത്താമെന്ന പഴയ ഉത്തരവിന്റെ മറവില്‍ 40 മീറ്ററിലേറെ ദൂരത്തിലാണ് തോമസ് ചാണ്ടി നികത്തുന്നത്. ഇതിനിടയില്‍ ഉണ്ടായിരുന്ന രണ്ട് മീറ്റര്‍ വീതിയുള്ള സര്‍ക്കാര്‍ റോഡും കയ്യേറി നികത്തി. നികത്തുന്ന ആറ് ഏക്കര്‍ ഭൂമിയില്‍ അഞ്ച് ഏക്കറും കൃഷി ചെയ്തിരുന്ന ഭൂമിയാണ്. നികത്തലിനെതിരെ പരാതി കൊടുത്ത വാര്‍ഡ് മെമ്പര്‍ക്കെതിരെ മന്ത്രിയുടെ ആള്ക്കാര് പൊലീസില്‍ പരാതി നല്കി ഭീഷണിപ്പടുത്തുകയും ചെയ്തു.
Discussion about this post