ശിവഗിരി:എനിക്ക് മതമേ ഇല്ല എന്നു പറഞ്ഞ ഒരു മഹാഗുരുവിന്റെ വാക്കുകളെ ധിക്കരിക്കുന്നതാണ് എറ്റവും വലിയ ഗുരുനിന്ദയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത്തരക്കാര്‍ക്ക് ഗുരുവായുള്ള ദൂരം നമുക്ക് തന്നെ അളക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നമുക്ക് ജാതിയില്ലാ വിളംബര സ്മാരക മ്യൂസിയത്തിന് വര്‍ക്കല ശിവഗിരിയില്‍ തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജാതിചിന്ത വെടിയണമെന്നാണ് ശ്രീനാരായണ ഗുരു പഠിപ്പിച്ചത്. സംവത്സരങ്ങള്‍ക്ക് മുന്‍പ് തന്നെ ഗുരു ജാതിചിന്ത വെടിഞ്ഞിരുന്നു. എന്നാല്‍ അങ്ങനെ പറഞ്ഞ ഗുരുവിനെ പോലും ഒരു പ്രത്യേക ജാതിയുടെ ചട്ടക്കൂടില്‍ ഒതുക്കാനുള്ള ശ്രമം നടക്കുകയാണ്. ഇത് തികച്ചും വേദനാജകനമാണ്. ഗുരുവിനെ ധിക്കാരപൂര്‍വം തിരുത്തുന്ന ഇത്തരക്കാരുടെ ശരി എവിടെ നില്ക്കുന്നു എന്നതിനെ കുറിച്ച് ചിന്തിക്കേണ്ടത് ജനങ്ങളാണ്. അങ്ങനെ നിരവധി കാര്യങ്ങള്‍ ചെയ്ത ഗുരുവിന്റെ നിലപാടുകളെ വക്രീകരിക്കുന്നവര്‍ക്ക് താക്കീതായിരിക്കണം നമുക്ക് ജാതിയില്ലാ വിളബരം എന്നത്.
എല്ലാവര്ക്കും ആരാധന നടത്താനുള്ള അവസരം ഉണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് ഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയത്. അന്ധവിശ്വാസങ്ങളുടെ കാലത്ത് ഗുരുവിന്റെ വാക്കുകള്‍ക്ക് ഇന്നും പ്രസക്തിയുണ്ട്. പുരോഗമന ആശയത്തിന്റെ കേരളത്തിലെ ആദ്യ പ്രയോക്താവ് ശ്രീനാരായണ ഗുരുവായിരുന്നു. സ്വതന്ത്ര ചിന്തയെ പ്രോത്സാഹിപ്പിച്ച വ്യക്തിത്വമാണ് ഗുരുവിന്റേത്. അത് ഓരോരുത്തരും തങ്ങളുടെ ജീവിതത്തിലേക്ക് പകര്‍ത്തുകയാണ് വേണ്ടതെന്നും പിണറായി ചൂണ്ടിക്കാട്ടി. കാവി വസ്ത്രം ധരിച്ച് അധികാരം പിടിച്ചെടുക്കാന്‍ ചില സന്യാസിമാര്‍ ശ്രമിക്കുന്നുണ്ട്. ഇത്തരക്കാരെ ശിവഗിരിയിലെ സന്യാസിമാര്‍ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post