മുംബൈ : അതിശക്തമായ കാറ്റിനെ തുടർന്ന് ഹോർഡിംഗ് തകർന്നുവീണ് അപകടം. മുംബൈയിലെ ഘട്‌കോപ്പർ ഏരിയയ്ക്ക് സമീപമുള്ള പെട്രോൾ പമ്പിൽ പരസ്യം പതിച്ചിരുന്ന കൂറ്റൻ ഹോർഡിംഗ് തകർന്നുവീണാണ് അപകടമുണ്ടായത്. അപകടത്തിൽ 3 പേർ മരിച്ചു. 59 പേർക്ക് പരിക്കേറ്റിട്ടുണ്ട്.അപകടത്തിൽ പരിക്കേറ്റവരെ ഉടൻതന്നെ സമീപത്തെ രാജവാഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകിട്ട് ആയിരുന്നു അപകടം നടന്നത്. ഉച്ചയ്ക്കുശേഷം തന്നെ കനത്ത പൊടിക്കാറ്റ് ആണ് മുംബൈയിൽ വീശുന്നത്. നേരത്തെ മുംബൈയിലെ വഡാല മേഖലയ്ക്ക് സമീപം ശക്തമായ കാറ്റിൽ നിർമ്മാണത്തിലിരുന്ന മെറ്റൽ പാർക്കിംഗ് ടവർ റോഡിലേക്ക് തകർന്നു വീണിരുന്നു. ഈ അപകടത്തിൽ രണ്ട് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു.
മെയ് 13ന് മുംബൈയിൽ ശക്തമായ കാറ്റും മഴയും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുള്ളതായി നേരത്തെ തന്നെ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കഴിഞ്ഞദിവസം മുംബൈയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post