ന്യൂഡൽഹി : ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് ടീമിന് വേണ്ടി കളിച്ചിരുന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലർ നാട്ടിലേക്ക് മടങ്ങി. മലയാളി ആരാധകരുടെ പ്രിയപ്പെട്ട ജോസേട്ടന്റെ മടക്കം രാജസ്ഥാൻ റോയൽസ് ആരാധകരെ ആശങ്കയിൽ ആക്കിയിട്ടുണ്ട്. പ്ലേ ഓഫ് യോഗ്യത നേടുന്നതിന് മുൻപായി പ്രധാന താരങ്ങളിൽ ഒരാൾ ടീം വിട്ടു പോകുന്നത് മറ്റു താരങ്ങളുടെ കൂടി ആത്മവിശ്വാസത്തെ ബാധിക്കുമോ എന്നാണ് ആരാധകരുടെ ആശങ്ക.
ഈ മാസം 22ന് ആരംഭിക്കുന്ന പാകിസ്താനെതിരായുള്ള ടി20 മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് ആയാണ് ജോസ് ബട്ലർ ഇംഗ്ലണ്ടിലേക്ക് മടങ്ങിയിരിക്കുന്നത്. ഈ വർഷത്തെ ഐപിഎല്ലിൽ രണ്ട് സെഞ്ചുറികൾ ജോസ് ബട്ലർ നേടിയിരുന്നു. രാജസ്ഥാൻ റോയൽസ് ടീമിന്റെ നെടുംതൂൺ ആയാണ് ബട്ലർ അറിയപ്പെടുന്നതെങ്കിലും കഴിഞ്ഞ ഏതാനും മത്സരങ്ങളിൽ താരം മികച്ച ഫോമിൽ ആയിരുന്നില്ല.
ജോസ് ബട്ലർക്ക് പകരമായി ഇംഗ്ലീഷ് താരം ടോം കോഹ്ലർ കാഡ്മോർ രാജസ്ഥാന്റെ ഓപ്പണർ ആയി എത്തിയേക്കും എന്നാണ് സൂചന. മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ടീമിന് പ്ലേ ഓഫ് യോഗ്യതയിലേക്ക് എത്താനായി ഇനി രണ്ടു മത്സരങ്ങൾ കൂടിയാണ് ഉള്ളത്.
Discussion about this post