പനാജി: ഗോവ ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് വന്‍ വിജയം. പനാജി മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 4803 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരീക്കറുടെ വിജയം. കോണ്‍ഗ്രസിലെ ഗിരീഷ് രായ ചോഡാന്കറെയാണ് പരീക്കര്‍ തോല്‍പ്പിച്ചത്. പ്രതിരോധമന്ത്രി സ്ഥാനം രാജിവെച്ചാണ് പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായത്.
കൂടാതെ വാല്‍പോയ് നിയമസഭാ സീറ്റും ബിജെപി നേടി. ബിജെപി സ്ഥാനാര്‍ത്ഥിയും സംസ്ഥാന ആരോഗ്യമന്ത്രിയുമായ വിശ്വജിത്ത് റാണെയാണ് വിജയിച്ചത്. 10,066 വോട്ടുകള്‍ക്കാണ് വിശ്വജിത്ത് റാണെയുടെ വിജയം.
കോണ്‍ഗ്രസിന്റെ റോയ് നായിക്കിനെയാണ് റാണെ പരാജയപ്പെടുത്തിയത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി റോഹിദാസ് ഗോയന്കറും മല്‍സരരംഗത്തുണ്ടായിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിശ്വജിത്ത് റാണെ നിയമസഭയിലേക്ക് വിജയിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് വിട്ട റാണെ, വിശ്വാസ വോട്ടെടുപ്പ് വേളയില്‍ മനോഹര്‍ പരീക്കര്‍ സര്‍ക്കാരിന് അനുകൂലമാകുന്ന വിധം, വിപ്പ് ലംഘിച്ച് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച വിശ്വജിത്ത് റാണെ ബിജെപിയില്‍ ചേരുകയായിരുന്നു. ഗോവ മുന്‍ മുഖ്യമന്ത്രി പ്രതാപ്സിംഗ് റാണെയുടെ മകനാണ് വിശ്വജിത്ത് റാണെ.
പനാജി നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ വിജയിച്ചിരുന്നു. ഇതോടെ ഗോവയിലെ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടു സീറ്റുകളും ബിജെപിയുടെ കയ്യിലായി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകളുടെ എണ്ണത്തില്‍ മുന്നിലായിരുന്നെങ്കിലും കോണ്‍ഗ്രസിനെ അമ്പരപ്പിച്ച് ചെറുകക്ഷികളുടെ പിന്തുണയോടെ ബിജെപി മന്ത്രിസഭയുണ്ടാക്കുകയായിരുന്നു.
Discussion about this post