ചാലക്കുടി: റിയല്‍ എസ്റ്റേറ്റ് ഏജന്റ് അങ്കമാലി സ്വദേശി രാജീവ് കൊല്ലപ്പെട്ട കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മകന് അഖില്‍. സംഭവവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ പ്രമുഖ അഭിഭാഷകന് സി.പി ഉദയഭാനുവിന് പങ്കുണ്ടെന്നാണ് അഖിലിന്റെ ആരോപണം. രാജീവിന് ഉദയഭാനുവുമായി കോടികളുടെ ലസ്തുഇടപാടുമായി ബന്ധമുണ്ടെന്ന് അഖില്‍ പറഞ്ഞു. കോടികളുടെ ഇടപാടുകള്‍ ഇരുവരും തമ്മില്‍ ഉണ്ടായിരുന്നു. എന്നാല്‍ നോട്ട് നിരോധനത്തിന് ശേഷം ഈ ബന്ധം വഷളായി. കോടികളുടെ സ്വത്ത് വില്പന തടസ്സപ്പെട്ടതിനെ തുടര്‍ന്ന് വലിയ നഷ്ടമുണ്ടായി. തുടര്‍ന്ന് വന്‍ തുക നല്കാന് ഉദയാഭാനു ആവശ്യപ്പെട്ടെങ്കിലും കഴിഞ്ഞില്ല. നേരത്തെ പ്രതി ജോണിയ്ക്കെതിരെയുള്ല കേസുകള്‍ കൈകാര്യം ചെയ്തിരുന്നത് ഈ അഭിഭാഷകനായിരുന്നു. എന്നാല്‍ ബന്ധം വഷളായതോടെ ജോണിയുമായി ഉദയഭാനു യോജിപ്പിലെത്തിയതായി അഖില്‍ ആരോപിക്കുന്നു.
ഇതിനിടെ മുഖ്യസൂത്രരധാരന്‍ ചക്കര ജോണി രാജ്യം വിട്ടതായി സംശയമുണ്ട്. ഓസ്ട്രേലിയ, യു.എ.ഇ, തായ്ലന്റ് രാജ്യങ്ങളിലെ വിസ ജോണിക്ക് ഉണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതാണ് ഇയാള്‍ രാജ്യം വിട്ടെന്ന സംശയത്തിന് ഇടയാക്കിയിരിക്കുന്നത്. ജോണിയെ കണ്ടെത്താന്‍ വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് പറഞ്ഞു. ജോണിയടക്കം മൂന്നു പേരാണ് ഗൂഢാലോചനയില്‍ പ്രതികളായുള്ളത്.
കൊല്ലപ്പെട്ട രാജീവും കേസിലെ മുഖ്യപ്രതി ചക്കര ജോണിയും ചേര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അങ്കമാലി കേന്ദ്രീകരിച്ച് 200 കാേടിയിലധികം രൂപയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഭൂമിക്ക് അഡ്വാന്‍സ് നല്‍കാനായി ജോണിയില്‍ നിന്ന് വാങ്ങിയ കോടികള്‍ രാജീവ് അടിച്ചുമാറ്റിയതാണ് ശത്രുതയ്ക്ക് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം. ഈ തുക ഉപയോഗിച്ച് സ്വന്തം പേരില്‍ ഭൂമി വാങ്ങിക്കൂട്ടി. ഇത് തിരികെ എഴുതി വാങ്ങുന്നതിനായാണ് രാജീവിനെ തട്ടിക്കൊണ്ട് പോയത്. സഹായിയായ ഗുണ്ടകള്‍ പിന്നീട് രാജീവിനെ എന്തിന് കൊലപ്പെടുത്തിയെന്ന് വ്യക്തമല്ല.
ഭാര്യയുമായി അകന്നുകഴിയുന്ന രാജീവ് അങ്കമാലി നായത്തോട് സ്കൂള്‍ ജംഗ്ഷനുസമീപമാണ് താമസം. രണ്ട് മക്കളുണ്ട്. അമ്മ രാജമ്മ രാജീവിനൊപ്പമാണ് താമസം. വിദേശത്തുനിന്ന് മടങ്ങിയെത്തിയ ഇയാള്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തേക്ക് കടക്കുകയായിരുന്നു. ആദ്യം ചെറിയ ഇടപാടുകള്‍ മാത്രമാണ് നടത്തിയിരുന്നത്.
പിന്നീട് വന്‍കിട സംഘവുമായുള്ള കൂട്ടുകച്ചവടമായി മാറി. ഇടനിലക്കാരന്റെ റോളില്‍ നില്ക്കുമ്പോള് പലരും നല്കിയ പണം കക്ഷികള്‍ക്ക് നല്‍കാതെ തട്ടിയെടുത്തുവത്രെ. ജോണിയില്നിന്ന് മാത്രം മൂന്നു കോടി തട്ടിയെന്നാണ് വിവരം. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പത്തു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അങ്കമാലി പൊലീസ് സ്റ്റേഷനില്‍ വഞ്ചനാ കേസും നിലവിലുണ്ട്. നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനില്‍ രണ്ട് വഞ്ചനാ കേസിലും ഒരു ക്രിമിനല്‍ കേസിലും പ്രതിയാണ്.
Discussion about this post