ഡൽഹി: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഹസിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വികസനത്തെയല്ല, നശീകരണത്തെയാണ് രാഹുൽ പിന്തുണക്കുന്നതെന്ന് യോഗി ആരോപിച്ചു. 2004-ൽ സുരക്ഷാ ഉദ്യോഗസ്ഥരാൽ കൊല്ലപ്പെട്ട തീവ്രവാദി ഇസ്രത്ത് ജഹാനെ രാഹുൽ ഗാന്ധി പിന്തുണക്കുന്നു. നശീകരണത്തെ പിന്തുണക്കുന്നതിനാലാണ് ഇത് എന്നും യോഗി പറഞ്ഞു.
രാഹുലിൽ നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ട. സ്വന്തം ലോക് സഭാ മണ്ഡലമായ അമേത്തിയിൽ പോലും ഒരു വികസനവും കൊണ്ടുവരാൻ രാഹുലിനായിട്ടില്ല. 14 വര്‍ഷം അമേത്തി ഭരിച്ചിട്ടും അവിടെയൊരു കലക്ടറേറ്റ് കെട്ടിടം പോലും നിര്‍മിക്കാത്ത രാഹുല്‍ ഗുജറാത്തിൽ എന്ത് വികസനം കൊണ്ടുവരുമെ ന്നാണ് പ്രതീക്ഷിക്കേണ്ടത്-യോഗി ചോദിച്ചു.
സൗരാഷ്ട്രയിൽ വെള്ളപ്പൊക്കം നേരിട്ടപ്പോൾ നരേന്ദ്ര മോദിയും അമിത് ഷായും ദുരന്ത സ്ഥലത്തെത്തി. എന്നാൽ രാഹുൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സന്ദർശിക്കാതെ ഇറ്റലിയിലേക്ക് പറന്നുവെന്നും യോഗി കുറ്റപ്പെടുത്തി. രാഹുല്‍ എവിടെയൊക്കെ പ്രചാരണം നടത്തുന്നുവോ, അവിടെയൊക്കെ കോണ്‍ഗ്രസ് പരാജയപ്പെടും. പക്വതയില്ലാത്ത അഭിപ്രായപ്രകടനങ്ങളുടെ പേരിലാണ് രാഹുലിനെ എല്ലാവരും ‘പപ്പു’ എന്നു വിളിക്കുന്നതെന്നും യോഗി പരിഹസിച്ചു. രാജ്യത്തിന്റെ പ്രധാന പ്രശ്നങ്ങളായ നക്സലിസം, തീവ്രവാദം, അഴിമതി എന്നിവയെല്ലാം കോൺഗ്രസ് ഭരണത്തിന്റെ സമ്മാനങ്ങളാണെന്നും യോഗി ആരോപിച്ചു.
തെക്കൻ ഗുജറാത്തിലെ വൽസാദ് ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു യോഗി. ഇന്ന് കച്ചിലാണ് യോഗിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം.
Discussion about this post