തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്ക്ക് മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ ഉറപ്പും പാളി. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ തീരുമാനിച്ച ശമ്പള ഘടന നടപ്പാക്കാനാവില്ലെന്നു മാനേജ്മെന്റുകൾ വ്യക്തമാക്കി. ജൂലൈ 10നു മന്ത്രിമാരുടെ സാന്നിധ്യത്തിൽ തീരുമാനിച്ച ഇതര ജീവനക്കാരുടെ ശമ്പള വർധനയും അവർ തള്ളിക്കളഞ്ഞു.
ഇപ്പോഴത്തെ ശമ്പളത്തിൽനിന്നു 40% വർധനയും ബത്തയും നൽകാമെന്നാണ് അവരുടെ നിലപാട്. മുഖ്യമന്ത്രി പ്രഖ്യപിച്ച ശമ്പളം നടപ്പായില്ലെങ്കിൽ പണിമുടക്ക് ആരംഭിക്കാനുള്ള തീരുമാനത്തിലാണു നഴ്സുമാരുടെ സംഘടനകൾ. കഴിഞ്ഞ അഞ്ചിനു ചേർന്ന മിനിമം വേജസ് കമ്മിറ്റിയിൽ സിഐടിയു ഉൾപ്പെടെയുള്ള സംഘടനകൾ മുഖ്യമന്ത്രിയും മന്ത്രിമാരും നിർദേശിച്ചതിനെക്കാൾ ഉയർന്ന ശമ്പളം ആവശ്യപ്പെട്ടതാണു മുൻ സമീപനങ്ങൾ തള്ളിക്കളയാൻ മാനേജ്മെന്റുകളെ പ്രേരിപ്പിച്ചത്. അന്നത്തെ യോഗത്തിൽ തീരുമാനം എടുക്കാതെ പിരിഞ്ഞു. തുടർന്നാണ് അഭിപ്രായം അറിയിക്കാൻ മാനേജ്മെന്റുകളോടു ലേബർ കമ്മിഷണർ കെ.ബിജു ആവശ്യപ്പെട്ടത്. മന്ത്രിമാരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ അടിസ്ഥാന ജീവനക്കാർക്കു 15,200 രൂപ, നഴ്സിന് 17,200 രൂപ, നഴ്സിങ് അസിസ്റ്റന്റിന് 16,800 രൂപ എന്ന രീതിയിൽ 171 തസ്തികകളെക്കുറിച്ചും ധാരണയിൽ എത്തി. ഇതനുസരിച്ചു നിലവിലെ ശമ്പളത്തിൽ 60% വർധനയുണ്ടാകും.
എന്നാൽ നഴ്സുമാരുടെ ശമ്പളം നിർണയിക്കാൻ സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ ശുപാർശകൾ നടപ്പാക്കണമെന്നു നഴ്സുമാരുടെ സംഘടനാ പ്രതിനിധികൾ ആവശ്യപ്പെട്ടു. മാനേജ്മെന്റുകൾ ഇതു നിരാകരിച്ചതോടെയാണു നഴ്സുമാർ സമരത്തിനിറങ്ങിയത്. സമരം ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചു. 50 കിടക്കകൾ വരെയുള്ള ആശുപത്രികളിലെ നഴ്സുമാർക്ക് 20,000 രൂപ ശമ്പളം നൽകുമെന്നു പിണറായി വിജയൻ പ്രഖ്യാപിച്ചു. കൂടുതൽ കിടക്കകളുള്ള ആശുപത്രികളിലെ ശമ്പളം നിർണയിക്കാൻ കമ്മിറ്റിയെ നിയോഗിച്ചു. ഈ കമ്മിറ്റിയും സുപ്രീംകോടതി സമിതിയുടെ ശമ്പളഘടനയാണു ശുപാർശ ചെയ്തത്.
പിന്നീടു നടന്ന മിനിമം വേജസ് കമ്മിറ്റി യോഗത്തിൽ സിഐടിയു ഉൾപ്പെടെയുള്ള സംഘടനകൾ ധാരണകൾക്കു മുകളിലുള്ള ശമ്പളനിരക്ക് ആവശ്യപ്പെട്ടു. അടിസ്ഥാന ജീവനക്കാർക്കു 18,000 രൂപയും നഴ്സുമാരുടെ കുറഞ്ഞ ശമ്പളം 22,000 രൂപയും ബത്തയും നൽകണമെന്ന ഇവരുടെ വാദത്തെത്തുടർന്നു ചർച്ച പൊളിഞ്ഞു. 19നു ചേരുന്ന മിനിമം വേജസ് കമ്മിറ്റി മാനേജ്മെന്റിന്റെ കത്തു ചർച്ച ചെയ്യും. ഇതിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ വിഷയം മിനിമം വേജസ് അഡ്വൈസറി കമ്മിറ്റിക്കു വിടും.
Discussion about this post