ഡല്‍ഹി:മുഖ്യമന്ത്രി പിണറായി വിജയന് പ്രതിയായ ലാവ്ലിന് കേസ് വീണ്ടും കോടതി കയറുന്നു. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കി.
രാഷ്ട്രീയക്കാരെ ഒഴിവാക്കി ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കിയ നടപടി ശരിയായില്ലെന്നും കേസില്‍ എല്ലാ പ്രതികള്‍ക്കും കൂട്ടുത്തരവാദിത്വമാണെന്നും സി.ബി.ഐ അപ്പീലില്‍ പറഞ്ഞു.കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയെങ്കിലും മൂന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ കോടതി നടപടികള്‍ നേരിടണമെന്നായിരുന്നു ഹൈക്കോടതി വിധി. എന്നാല്‍ ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നാണ് സി.ബി.ഐ നിലപാട്.
ഹൈക്കോടതി വിധി റദ്ദാക്കി പിണറായി വിജയനെ വീണ്ടും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും സി.ബി.ഐ അപ്പീലില്‍ ആവശ്യപ്പെട്ടു. അപ്പീല്‍ വെള്ളിയാഴ്ച കോടതി പരിഗണിക്കുമെന്നാണ് വിവരം. പിണറായി വിജയന് വൈദ്യുതി മന്ത്രിയായിരിക്കെ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവലിനുമായി ഉണ്ടാക്കിയ കരാര്‍ വഴി പൊതുഖജനാവിന് 374 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് കേസ്.
Discussion about this post