ഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അജണ്ട വികസനം മാത്രമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും തന്നെ നിയോഗിച്ചത്. ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖ്യത്തില്‍ യോഗി വ്യക്തമാക്കി.
താജ്മഹല്‍ വിവാദം സംബന്ധിച്ച ചോദ്യത്തിന് കുറച്ചാളുകള്‍ നടത്തുന്ന പ്രസ്താവനകള്‍ വിവാദമാക്കേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ അന്‍പത് വര്‍ഷത്തിലേറെയായി ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടക്കുന്നുണ്ട്. ഭാവിയിലും ഉണ്ടാകും. ഇതിന് അധിക പ്രധാന്യം നല്‍കേണ്ടതില്ല.
താജ്മഹല്‍ ഒരിക്കലും ഇല്ലാതാകില്ല. പൈതൃക ടൂറിസത്തില്‍ പ്രധാന കേന്ദ്രമായാണ് സര്‍ക്കാര്‍ താജ്മഹലിനെ കാണുന്നത്. 370 കോടി രൂപ താജ്മഹലിന്റെ വികസനത്തിനായി അനുവദിച്ചിട്ടുണ്ട്. രാമായണ, ബുദ്ധ, കൃഷ്ണ സര്‍ക്യൂട്ടുകള്‍ സംബന്ധിച്ച ടൂറിസം വകുപ്പിന്റെ പുസ്തകം പുറത്തിറങ്ങിയപ്പോഴാണ് താജ്മഹലിനെ ഒഴിവാക്കിയെന്നാരോപിച്ച് ചിലര്‍ ബഹളമുണ്ടാക്കിയത്. ഇതുമായി താജ്മഹലിന് ബന്ധമില്ല. പിന്നെന്തിനാണ് അതില്‍ ഉള്‍പ്പെടുത്തുന്നത് എന്നിട്ടും ചിലര്‍ വിവാദമുണ്ടാക്കി. വിവേചനവും ദാരിദ്രവും ദുഃഖവും ഇല്ലാതെ ശത്രുത വെടിഞ്ഞ് എല്ലാവരും പരസ്പരം സ്നേഹത്തോടെയും സൗഹാര്‍ദ്ദത്തോടെയും ജീവിക്കുന്നതാണ് രാമരാജ്യമെന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇത് യാഥാര്‍ത്ഥ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രതിപക്ഷത്തിന് ജോലിയില്ലാത്തതിനാലാണ് അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നത്. ജനങ്ങളെ ജാതിയും മതവും പറഞ്ഞ് വിഭജിച്ചതല്ലാതെ ഭരണത്തിലിരുന്നപ്പോള്‍ വികസനത്തിനായി അവര്‍ ഒന്നും ചെയ്തിട്ടില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനാണ് ഇപ്പോള്‍ ശ്രമം. എന്നാല്‍ അവര്‍ പരാജയപ്പെടും. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സംബന്ധിച്ച ചോദ്യത്തിന് ജനങ്ങള്‍ക്ക് സര്‍ക്കാരില്‍ പ്രതീക്ഷയും വിശ്വാസവും തിരിച്ചുകിട്ടിയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Discussion about this post