തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ സി.പി.ഐ നേതാവും എം.പിയുമായ കെ.ഇ ഇസ്മയിലിന്റെ പ്രസ്താവനയെ പൂര്‍ണമായും തള്ളി അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു. തോമസ് ചാണ്ടിക്കെതിരെ നിലപാടെടുത്തത് പാര്‍ട്ടി തീരുമാനപ്രകാരമായിരുന്നു. അക്കാര്യം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തന്നെ വ്യക്തമാക്കിയതാണെന്നും പ്രകാശ്ബാബു തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചത് പാര്‍ട്ടി നേതാക്കളുമായി കൂടിയാലോചന നടത്താതെയായിരുന്നുവെന്ന് കഴിഞ്ഞ ദിവസം കെ.ഇ ഇസ്മയില്‍ ആലപ്പുഴയില്‍ ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തിയിരുന്നു.
പത്താം തീയതി ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് യോഗമാണ് തോമസ് ചാണ്ടി രാജിവെക്കണമെന്ന നിലപാടിലേക്ക് എത്തിയത്. സംസ്ഥാന എക്സിക്യൂട്ടീവിന് ശേഷം ചേരുന്ന എല്‍.ഡി.എഫ് യോഗത്തില്‍ തോമസ് ചാണ്ടിയെ രാജിവെപ്പിക്കാനാവശ്യമായ നിലപാടിലേക്ക് എല്‍.ഡി.എഫിനെ എത്തിക്കുക എന്നതായിരുന്നു പാര്‍ട്ടി തീരുമാനം. ആ യോഗത്തില്‍ കെ.ഇ ഇസ്മയില്‍ പങ്കെടുത്തിരുന്നില്ല. അതുകൊണ്ട് ചിലപ്പോള്‍ യോഗ തീരുമാനം വ്യക്തമായിട്ടുണ്ടാവില്ലെന്നും, കൂടിയാലോചന നടത്തിയില്ല എന്ന തരത്തിലുള്ള പ്രസ്താവന അതുകൊണ്ടായിരിക്കാമെന്നും പ്രകശ് ബാബു ചൂണ്ടിക്കാട്ടി.
മന്ത്രിസഭാ യോഗത്തില്‍ നിന്ന് സി.പി.ഐ മന്ത്രിമാര്‍ വിട്ടുനില്‍ക്കുന്ന കാര്യം തന്നോട് പറഞ്ഞിരുന്നു. എന്നാല്‍ പല നേതാക്കളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നില്ല. വിഷയം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുമെന്നുമായിരുന്നു ഇസ്മയിലിന്റെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കാണ് പ്രകാശ്ബാബു മറുപടി പറഞ്ഞത്.
എല്ലാ വിഷയങ്ങളും ദേശീയ എക്സിക്യൂട്ടീവുമായി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. സംസ്ഥാന എക്സിക്യൂട്ടീവിന് അതിനുള്ള പ്രാപ്തിയുണ്ട്. സംസ്ഥാന വിഷയങ്ങള്‍ എല്ലാം ദേശീയ എക്സിക്യുട്ടീവില്‍ ചര്‍ച്ച ചെയ്യാറില്ലെന്നും പ്രകാശ് ബാബു പറഞ്ഞു. കെ.ഇ ഇസ്മയില്‍ പാര്‍ട്ടി നിലപാടിനെതിരായ പ്രസ്താവന നടത്തിയിട്ടുണ്ടെങ്കില്‍ അത് അടുത്ത പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കെ.ഇ ഇസ്മയില്‍ അങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടുണ്ടെങ്കില്‍ അതില്‍ ജാഗ്രത കാണിക്കണമായിരുന്നു. ഏതെങ്കിലും ദേശീയ എക്സിക്യൂട്ടീവ് പറഞ്ഞാല്‍ കെടുന്നതല്ല സി.പി.ഐയുടെ ശോഭയെന്നും പ്രകാശ് ബാബു പറഞ്ഞു.
Discussion about this post